Shopping cart

  • Home
  • Football
  • നിങ്ങളെന്നെ കളിക്കാരനാക്കി
Football

നിങ്ങളെന്നെ കളിക്കാരനാക്കി

മുഹമ്മദ് അർഷഫ് സംസാരിക്കുന്നു
Email :58

എസ്.എൽ.കെയിലെ എമേർജിങ് താരമായി തിരഞ്ഞെടുത്ത മുഹമ്മദ് അർഷഫ് സംസാരിക്കുന്നു

കുഞ്ഞുനാൾ മുതൽ വീട്ടിൽ നിന്നും നാട്ടിൽനിന്നും ലഭിച്ച പിന്തുണയുടെ ഫലമാണ് അഞ്ചുദിവസം മുൻപ് സമാപിച്ച സൂപ്പർ ലീഗ് കേരളയിലെ എമേർജിങ് പ്ലയറായി തിരഞ്ഞെടുത്ത മുഹമ്മദ് അർഷഫ്.
ഫുട്‌ബോളിന്റെ ചൂടും ചൂരുമുള്ള മലപ്പുറം വേങ്ങരയിൽനിന്ന് ലക്ഷ്യബോധമില്ലാതിരുന്ന 13കാരനെ ഫുട്‌ബോളിലേക്ക് വഴി തിരിച്ചുവിട്ടത് മുതൽ മാതാപിതാക്കളുടെയും പരിശീലകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ അർഷഫ് ഇന്ന് എത്തി നിൽക്കുന്ന് പ്രഥമ സൂപ്പർ ലീഗ് കേരളയുടെ എമർജിങ് പ്ലയർ എന്ന സ്ഥാനം അലങ്കരിച്ചാണ്.

ഫുട്‌ബോളിനെ കുറിച്ചും ഫുട്‌ബോളിലേക്ക് വന്ന വഴിയെ കുറിച്ചും പറഞ്ഞപ്പോൾ അർഷഫ് താൻ കടന്നുവന്ന വഴികളെ കുറിച്ചാണ് പറയാനുള്ളത്. എട്ടാം ക്ലാസിലായിരിക്കുമ്പോൾ കായികാധ്യാപകനായ യൂസഫ് വേങ്ങരയായിരുന്നു തന്നിൽ ഒരു ഫുട്‌ബോളർ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന സത്യം അർഷഫിനെ അറിയിക്കുന്നത.് അർഷഫിന്റെ പ്രതിഭ തിരിച്ചറിഞ്ഞ യൂസഫ് ചേറൂരിലെ സ്‌കോർലൈൻ അക്കാദമിയിൽ ചേർത്തു.

മുഹമ്മദ് അർഷഫ്
മുഹമ്മദ് അർഷഫ്

അവിടെനിന്ന് ജ്യോതിഷ്, റഹീസ് എന്നിവരിൽ നിന്നായിരുന്നു പ്രൊഫഷനൽ ഫുട്‌ബോൾ പഠനത്തിന്റെ തുടക്കം ലഭിക്കുന്നത്. പിന്നീട് ചേലേമ്പ്ര എൻ.എൻ.എച്ച്.എസ്.എസിൽ മൻസൂറിന് കീഴിൽ പരിശീലനത്തിനെത്തി. അവിടെ നിന്ന് നാലു വർഷം കൊണ്ട് ഫുട്‌ബോളിന്റെ പാഠങ്ങളെല്ലാം പഠിച്ചു. തുടർന്ന് സ്‌പോട്‌സ് കോട്ടയിൽ ദേവഗിരി കോളജിൽ അഡ്മിഷൻ ലഭിച്ചു. നിലവിൽ ദേവഗിരി കോളജിൽ നിയാസ് റഹ്മാന് കീഴിൽ കളിച്ചു കൊണ്ടിരിക്കുന്ന അർഷഫ് മൂന്നാം വർഷ ഡിഗ്ര വിദ്യാർഥിയാണ്.

ഇക്കാലയളവിലെല്ലാം കൂടെ നിന്ന ഉമ്മ സുബൈദ പാലത്ത് പിതാവ് അട്ടക്കുളയൻ അബ്ബാസ് എന്നിവരുടെ പിന്തുണയാണ് വിജയവഴിയിലെ ആദ്യ ചവിട്ടുപടി. സഹോദരൻ മുഹമ്മദ് ആഷിഖ് പഠിച്ച് എൻജിനീയറായതിനാൽ അർഷഫിനോടും മാതാപിതാക്കൾ പഠിക്കാൻ നിർബദ്ധിച്ചിരുന്നു. എന്നാൽ പഠനത്തോടൊപ്പം കളിയേയും ഒരുമിച്ച് കൊണ്ടുപോകാനായിരുന്നു അർഷഫിന്റെ പദ്ധതി. സഹോദരി ആഷിഫ തസ്‌നി,

മുഹമ്മദ് അർഷഫ്
മുഹമ്മദ് അർഷഫ്

അവരുടെ ഭർത്താവ് സുലൈമാൻ ചാലിൽ, മകൾ ഹിവാസിൻ അർസ്, സഹോദരന്റെ ഭാര്യ റബീബ ഫളീല എന്നിവരുടെയെല്ലാം മാനസിക പിന്തുണകൂടിയായിരുന്നു ഫുട്‌ബോളറാവുക എന്നതിലേക്കുള്ള വഴി എളുപ്പമാക്കിയത്. ദേവഗിരി കോളജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു റിലയൻസിന്റെ ഡവലപ്‌മെന്റ് ലീഗിൽ പറപ്പൂർ എഫ്.സിക്കായി കളിക്കാൻ അവസരം ലഭിക്കുന്നത്. അതായിരുന്നു സൂപ്പർ ലീഗിലേക്കുള്ള വഴിയായതും.

ഡവലപ്‌മെന്റ് ലീഗിൽ നടത്തിയ മികച്ച പ്രകടനം കാലിക്കറ്റ് എഫ്.സി പരിശീലകർക്ക് ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് സ്വന്തം നാട്ടിൽ പ്രൊഫഷനൽ ഫുട്‌ബോൾ ലീഗ് കളിക്കാൻ ആദ്യ അവസരം ലഭിക്കുന്നത്. കാലിക്കറ്റ് എഫ്.സിയുടെ 12 മത്സരത്തിലും ആദ്യ ഇലവനിൽ കളത്തിലിറങ്ങിയ അർഷഫ് എല്ലാ മത്സരത്തിലും മുഴുവൻ സമയവും കളിച്ചിട്ടുണ്ട്. ഗ്രൗണ്ടിലുടനീളം ഓടി നടന്ന് ടീമിനെ സഹായിക്കുന്ന അർഷഫ് ബഹുമുഖ പ്രതിഭകൂടിയാണ്.

മുഹമ്മദ് അർഷഫ്
മുഹമ്മദ് അർഷഫ്

പരിശീലകൻ പറയുന്ന ഏത് പൊസിഷനിലും കളിക്കാൻ താരം ഒരുക്കമാണ്. ഡിഫൻസീവ് മിഡിലും മധ്യനിരയിലും മുന്നേറ്റത്തിലും മിന്നും പ്രകടനം നടത്തിയ അർഷഫാണ് എസ്.എൽ.കെയിൽ ഏറ്റവും കൂടുതൽ ടാക്കിളുകൾ നടത്തിയ താരം. 53 ടാക്കിളുകളാണ് താരം 12 മത്സരങ്ങളിലായി നടത്തിയത്. തന്റെ ഭാവി ഫുട്‌ബോളിലാണെന്ന് മനസിലാക്കിയ അർഷഫിനെ ഇന്ത്യൻ ടീമിലും ഐ.എസ്.എൽ ടീമുകളിലും കണ്ടാൽ അത്ഭുതപ്പെടാനില്ല.

മുഹമ്മദ് അർഷഫ് പിന്തുണയുമായി ഗാലറിയിലെത്തിയവർ
മുഹമ്മദ് അർഷഫ് പിന്തുണയുമായി ഗാലറിയിലെത്തിയവർ

കാരണം അത്രമേൽ കഠിനാധ്വാനം ചെയ്ത് ഫുട്‌ബോളറായ അർഷഫിന് മുന്നിൽ ഫുട്‌ബോൾ അല്ലാത്ത മറ്റു വഴികളില്ലെന്നാണ് വിശ്വാസം. 20ാം വയസിൽ കേരളത്തിലെ പ്രഥമ സൂപ്പർ ലീഗിൽ എമേർജിങ് താരമായി തിരഞ്ഞെടുത്ത വേങ്ങരക്കാരന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയും. 20ാം വയസിൽ സംസ്ഥാനം അറിയുന്ന ഫുട്‌ബോളറായി നിൽക്കുമ്പോൾ അർഷഫ് പറയുന്നതിങ്ങനെയാണ്; നിങ്ങളെല്ലാവരുമാണ് എന്നെ ഫുട്‌ബോളറാക്കിയത്. എത്തിപ്പെട്ട ഇടത്തെല്ലാം എനിക്ക് പിന്തുണയും സഹായവും ലഭിച്ചത് നിങ്ങളിൽനിന്നായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts