വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ജയത്തിലേക്ക്. ആദ്യ ഇന്നിങ്സിൽ 250 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിനിറങ്ങിയ വിൻഡീസിനെ വരിഞ്ഞു മുറുക്കി. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലാണ് കരീബിയൻ സംഘം. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ അവർക്ക് ഇനിയും 171 റൺസ് കൂടി വേണം. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ, ബെൻ സ്റ്റോക്ക്സ്, ഗസ് അറ്റ്കിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിൻഡീസിനായി ക്യാപ്റ്റൻ ബ്രാതൈ്വറ്റ് 26 പന്തിൽ നാലു റൺസ് മാത്രമാണ് നേടിയത്. ജെയിംസ് ആൻഡേഴ്‌സന്റെ പന്തിൽ ബൗൾഡായിട്ടായിരുന്നു മടക്കം. കൂട്ടിനുണ്ടായിരുന്ന മിക്ലി ലൂയീസ് 49 പന്തിൽ 14 റൺസുമായി പവലിയനിലേക്ക് മടങ്ങി. കിർക്ക് മക്കെൻസെ പൂജ്യനായി മടങ്ങിയപ്പോൾ കാവെം ഹോഡ്‌ഗെ അഞ്ചു പന്തിൽനിന്ന് നാലു റൺസ് മാത്രമായിരുന്നു സ്‌കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തത്. അലിക് അഥനാസെ (22), ഹോൾഡർ (20) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
നേരത്തെ ആദ്യ ഇന്നിങ്സിൽ വിൻഡീസ് 121 റൺസിന് എല്ലാവരും പുറത്തായിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിൻസൺ ആണ് അവരെ തകർത്തത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 371 റൺസ് നേടി വിൻഡീസിന് മുന്നിൽ 250 റൺസിന്റെ ലീഡ് നൽകിയാണ് പുറത്തായത്.