ഫിക്‌സർ പുറത്ത്
ഈ മാസം 27 മുതൽ കൊൽക്കത്തയിൽ നടക്കുന്ന 133മത് ഡ്യൂറണ്ട് കപ്പിന്റെ ഫിക്‌സർ പുറത്ത്. നിലവിലെ ചാംപ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും കൊൽക്കത്തയിലെ അവരുടെ എതിരാളികളായ ഈസ്റ്റ് ബംഗാളും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത്തവണ ടൂർണമെന്റിൽ 24 ടീമുകളാണ് പങ്കെടുക്കുന്നത്.
ഐ.എസ്.എൽ, ഐ ലീഗ്, ആംഡ് ഫോഴ്‌സ് ടീമുകൾ, നേപ്പാളിൽനിന്നുള്ള ട്രിബുവാന ആർമി എഫ്.സി, ബംഗ്ലാദേശ് ആർമി ഫുട്‌ബോൾ ടീം എന്നിവരും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷം ജംഷഡ്പുർ, ഷില്ലോങ്, കൊൽക്കത്ത എന്നിവിടങ്ങളിലായിട്ടാണ് മത്സരം നടക്കുന്നതെങ്കിലും കൊൽക്കത്തയിലാണ് ടൂർണമെന്റിലെ കൂടുതൽ മത്സരങ്ങളും നടക്കുന്നത്.
റൗണ്ട് റോബിൽ ഫോർമാറ്റിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ 43 മത്സരങ്ങളായിരിക്കും ടൂർണമെന്റിൽ ഉണ്ടാവുക. മുംബൈ സിറ്റി എഫ്.സി, പഞ്ചാബ് എഫ്.സി, സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്‌സ് എഫ്.സി എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഉള്ളത്. ഇത്തവണ ഡ്യൂറണ്ട് കപ്പിൽ കിരീടം ലക്ഷ്യമിട്ട് എത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ തായ്‌ലൻഡിൽ പ്രീ സീസൺ മത്സരത്തിലാണ്.
ഇന്നലെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പ്രീസീസൺ മത്സരം. ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 2-1 എന്ന സ്‌കോറിന് പട്ടായ എഫ്.സിയോട് തോറ്റിരുന്നു. തായ്‌ലൻഡിൽ രണ്ട് പ്രീ സീസൺ മത്സരംകൂടി ബ്ലാസ്റ്റേഴ്‌സ് കളിച്ചതിന് ശേഷമായിരിക്കും ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് നാട്ടിലേക്ക് തിരിക്കുക.