സംഭവത്തിൽ നടപടിയുണ്ടായായേക്കും
ഇന്ന് രാവിലെ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലിലെ ഉറുഗ്വായ്-കൊളംബിയ മത്സരശേഷം ഷാർലറ്റിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ അരങ്ങേറിയത് കൊളംബിയൻ ഫാൻസും, ഉറുഗ്വായ് കളിക്കാരും തമ്മിലുള്ള കൂട്ടത്തല്ലായിരുന്നു. കളിക്കളത്തിൽ പൊരുതി നോക്കിയെങ്കിലും ഉറുഗ്വായ് 1-0 തിന്റെ തോൽവി കോളമ്പിയയിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.
എന്നാൽ മത്സരശേഷം വി.ഐ.പി സ്റ്റാൻഡിലുണ്ടായിരുന്ന നൂനസിന്റെയും മറ്റു താരങ്ങളുടെയും കുടുംബത്തെ കൊളംബിയ ആരാധകർ ചീത്ത വിളിച്ചതും താരങ്ങളെ കൂകി വിളിച്ചതിനെ തുടർന്നായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കമായത്. കുടുംബത്തെ ചീത്തവിളിച്ചത് ചോദിക്കാനെത്തിയ നൂനസിനെ കൊളംബിയൻ ആരാധകർ വീണ്ടും ചീത്തവിളിച്ചതോടെയായിരുന്നു സംഭവം വഷളായത്.
പിന്നീട് സ്റ്റേഡിയത്തിൽ കൂട്ടത്തല്ല് നടക്കുകയായിരുന്നു. തുടർന്ന് പൊലിസെത്തിയായിരുന്നു താരങ്ങളേയും ആരാധകരേയും പിന്തിരിപ്പിച്ചത്. കളിക്കളത്തിൽ കൊളമ്പിയ 10 പേരായി ചുരുങ്ങിയിട്ടും അതിനെ മുതലാക്കാനാക്കാതെ തോൽവി വഴങ്ങുകയായിരുന്നു ഉറുഗ്വായ്.കളിക്കുശേഷം തോൽവിയുടെ നിരാശയും പേറി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഉറുഗ്വായ് താരങ്ങളെ കൊളംബിയൻ ആരാധകർ കൂക്കി വിളിക്കുകയും ആരാധകർ തൊപ്പിയും, കുപ്പികളും വലിച്ചെറിഞ്ഞ് ഉറുഗ്വായ് താരങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
ഈ പ്രകോപനത്തിൽ ക്ഷുഭിതരായ ഉറുഗ്വെയൻ താരങ്ങൾ ഡഗൗട്ട് ചാടിക്കടന്ന് കൊളംബിയൻ ആരാധകരെ മർദിച്ചുവെന്നും ആക്ഷേപമുണ്ട്. ലിവർപൂൾ താരമായ ന്യൂനസിന് പുറകെ ഉറുഗ്വേ താരങ്ങളായ ഗിമെനസും, റൊണാൾഡ് അറോഹോയും കൊളംബിയൻ ആരാധകർക്കെതിരെ തിരിയുന്നതാണ് പിന്നീട് കണ്ടത്.
ഇതിനിടയിൽ സുരക്ഷ ഉദ്യോഗസ്ഥരും, പൊലിസും ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കി കളിക്കാരെ സംഭവസ്ഥലത്ത് നിന്ന് മൈതാനത്തിലേക്ക് മാറ്റിയത്.ഉറുഗ്വായ് ക്യാപ്റ്റൻ ഗിമെനെസ് അമേരിക്കയിലെ ഷാർലറ്റ് സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയിലേക്ക് വിരൽ ചൂണ്ടുകയും കളിക്കാരുടെയും, അവരുടെ സുരക്ഷയിലുമുള്ള ആശങ്ക പങ്കുവെക്കുകയും ചെയ്തു.