• Home
  • Football
  • പൃഥ്വിയുടെ സ്വന്തം ‘ഫോഴ്‌സാ കൊച്ചി എഫ്.സി’
Football

പൃഥ്വിയുടെ സ്വന്തം ‘ഫോഴ്‌സാ കൊച്ചി എഫ്.സി’

ഫോർസ കൊച്ചി
Email :184

കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്ബാൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ തന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജ്. ‘ഫോഴ്‌സാ കൊച്ചി എഫ്.സി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാനും പുത്തൻ ചരിത്രം തുടങ്ങാനും കാൽപന്തിന്റെ ലോകത്തേക്ക് ഞങ്ങൾ കളത്തിലിറങ്ങുകയാണെന്ന് പൃഥ്വിരാജ് കുറിച്ചു.

”ഒരു പുതിയ അധ്യായം കുറിക്കാൻ ‘ഫോഴ്‌സാ കൊച്ചി’. കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!” എന്നിങ്ങനെയാണ് പേര് പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

പൃഥ്വിരാജും ഭാര്യ സുപ്രിയയും ഓഹരി ഉടമകളായ ടീമിന് നല്ല പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് നേരത്തെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. കേരളത്തിൽ തുടക്കമാകുന്ന പുതിയ ഫുട്ബാൾ ലീഗിൽ കൊച്ചി പൈപ്പേഴ്‌സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രഫഷനൽ ഫുട്ബാൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായി പൃഥ്വിരാജ്. നസ്‌ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ തുടങ്ങിയവരാണ് ടീമിന്റെ സഹ ഉടമകൾ.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ കളത്തിലിറങ്ങുക. 45 ദിവസം നീളുന്ന പ്രഥമ സൂപ്പർ ലീഗിന് സെപ്റ്റംബർ ആദ്യവാരമാണ് തുടക്കമാകുക.കേരളത്തിലെ ഫുട്ബാളിനെ പ്രഫഷനൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബാളിനെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്നാണ് നേരത്തെ കൊച്ചി എഫ്.സിയെ ഏറ്റെടുത്ത് കൊണ്ട് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. നാട്ടിലെ മികച്ച ഫുട്ബാൾ താരങ്ങൾക്ക് നിരവധി അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെന്റിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts