ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനായി ഇവര്‍ കളത്തിലിറങ്ങും
ഈ സീസണിലെ യൂറോപ്യന്‍ ഫുട്‌ബോളിലെ ചാംപ്യന്‍ ആരാണെന്നറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം ബാക്കി. കിരീടം സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് അരയുംതലയും മുറുക്കി ഒരുങ്ങിയിരിക്കുകയാണ്. ഫൈനലില്‍ കളത്തിലിറങ്ങുന്ന ടീമിനെയും കഴിഞ്ഞ ദിവസം പരിശീലകന്‍ ആന്‍സലോട്ടി പ്രഖ്യാപിച്ചു. നാളെ രാത്രി 12.30ന് യൂറോപ്പിന്റെ കളിത്തൊട്ടിലായ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫുട്‌ബോളിന്റെ ചൂടുംചൂരുമുള്ള റയല്‍ മാഡ്രിഡും ജര്‍മന്‍ ശക്തികളായ ബൊറൂസിയ ഡോര്‍ട്മുണ്ടും കൊമ്പുകോര്‍ക്കുന്നത്.
സീസണില്‍ ലാലിഗ കിരീടം നേടി മികച്ച ഫോമില്‍ നില്‍ക്കുന്ന റയല്‍ മാഡ്രിഡ് കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ഡോര്‍ട്മുണ്ടിനെ മുട്ടുകുത്തിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കാര്‍ലോ ആന്‍സലോട്ടിയുടെയും സംഘത്തിന്റെയും പ്രതീക്ഷ. 15ാം ചാംപ്യന്‍സ് ലീഗ് ഷെല്‍ഫിലെത്തിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് റയല്‍ താരങ്ങള്‍ ഇറങ്ങുന്നത്. അതേസമയം മൂന്നാം തവണയാണ് ഡോര്‍ട്മുണ്ട് ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കളിക്കാനിറങ്ങുന്നത്. 1996-97 സീസണില്‍ ചാംപ്യന്‍മാരായ ഡോര്‍ട്മുണ്ട് 212-13 സീസണില്‍ ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു.
റയൽ മാഡ്രിഡ് സാധ്യത ടീം
ഗോൾ കീപ്പർ: കുർട്ടോയിസ്.
പ്രതിരോധനിര: കർവഹാൾ, നാച്ചോ, റൂഡിഗർ, മെൻഡി.
മധ്യനിര: വാൽവർദെ, ക്രൂസ്, കാമവിഗ, ബെല്ലിങ്ഹാം.
മുന്നേറ്റനിര: വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ.
ഡോർട്മുണ്ട് സാധ്യത ടീം
ഗോൾകീപ്പർ: കോബൽ.
പ്രതിരോധം: റിയേർസൺ, ഹമ്മൽസ്, ഷോൾട്ടർബക്ക്, മാറ്റ്‌സൻ.
മധ്യനിര: സാബിറ്റ്‌സർ, കാൻ, സാഞ്ചോ, ബ്രാൻഡ്, അദെയ്‌മെനി.
മുന്നേറ്റം: ഫുൾക്രഗ്.