പാകിസ്ഥാനെ വരിഞ്ഞു മുറുക്കി ഇംഗ്ലണ്ട്
പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡ് നേട്ടവുമായി ഇംഗ്ലീഷ് താരങ്ങൾ. മത്സരത്തിൽ ഹാരി ബ്രൂക്ക് ട്രിപ്പിൾ സെഞ്ചുറി തികച്ചപ്പോൾ ജോ റൂട്ട് ഡബിൾ സെഞ്ചുറിയുമായി കരുത്തുകാത്തി. സാക് ക്രൗളി, ബെൻ ഡക്കറ്റ് എന്നിവരുടെ അർധ സെഞ്ചുറിയുടെയും കരുത്തിൽ ഇംഗ്ലണ്ട് മത്സരത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 823 റൺസാണ് നേടിയത്. 322 പന്തിൽ 29 ഫോറും മൂന്ന് സിക്‌സറുകളും അടക്കം 317 റൺസാണ് ഹാരി ബ്രൂക്ക് നേടിയത്.
375 പന്തിൽ 17 ഫോറുകളടക്കം 262 റൺസാണ് ജോ റൂട്ട് സ്‌കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തത്. ഇഗ്ലണ്ട് നിരയിൽ ഓപ്പണർ സാക് ക്രൗളി (85 പന്തിൽ 78), ബെൻ ഡക്കറ്റ് (75 പന്തിൽ 84) എന്നിവരും മികച്ച ബാറ്റിങ് കാഴ്ച വെച്ചു. അതേ സമയം ഒന്നാം ഇന്നിങ്‌സിൽ ഓപ്പണർ അബ്ദുല്ല ഷഫീഖ് (102), ക്യാപ്റ്റൻ ഷാൻ മസൂദ് (151), ആഗ സൽമാൻ (104*) എന്നിവരുടെ സെഞ്ചറികളുടെ മികവിലാണ് പാക്കിസ്ഥാൻ 556 റൺസെടുത്തത്.
ടെസ്റ്റ് ക്രിക്കറ്റിലെ 32ാമത്തെ ട്രിപ്പിൾ സെഞ്ചുറിയാണ് ബ്രൂക്കിന്റേത്. 2019 ന് ശേഷം ആദ്യമായാണ് ടെസ്റ്റിൽ ഒരു ത്രിപ്പിൾ സെഞ്ചുറി പിറക്കുന്നത്. ലെൻ ഹട്ടൺ, വാലി ഹാമോണ്ട്, ഗ്രഹാം ഗൂച്ച്, ആൻഡി സാൻഡം, ജോൺ എഡ്രിച്ച് എന്നിവർക്കു ശേഷം ത്രിപ്പിളടിക്കുന്ന ആറാമത്തെ ഇംഗ്ലീഷ് താരമാണ് ബ്രൂക്ക്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് തുടക്കത്തിൽതന്നെ നേരിട്ടത്.
64 റൺസ് നേടുന്നതിനിടെ പാകിസ്ഥാന്റ അഞ്ചു വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഓപണർ അബ്ദുള്ള ഷഫീഖ് പൂജ്യനായി മടങ്ങിയപ്പോൾ 22 പന്തിൽ 11 റൺസാണ് ക്യാപ്റ്റൻ ഷാൻ മസൂദിന്റെ സമ്പാദ്യം. 15 പന്തിൽ അഞ്ചു റൺസ് മാത്രമാണ് ബാബർ അസം നേടിയത്. 19 പന്തിൽ 10 റൺസാണ് മുഹമ്മദ് റിസ്വാൻ സ്‌കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തത്. ഇന്നലെ മത്സരം നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിലാണ് പാകിസ്ഥാൻ.
33 പന്തിൽ 29 റൺസാണ് സഊദ് ഷക്കീൽ നേടിയത്. 49 പന്തിൽ 41 റൺസുമായി സൽമാൻ അലി അഗയും 48 പന്തിൽ 27 റൺസുമായി ആമിർ ജമാലുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഗസ് അട്കിസൺ, ബ്രിഡൻ കാർസെ എന്നിവർ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് നേടിയപ്പോൾ ക്രിസ് വോക്‌സ്, ജാക്ക് ലീച്ച് എന്നിവർ ഓരോ വിക്കറ്റും നേടി. നിലവിൽ പാകിസ്ഥാന് മുന്നിൽ ഇംഗ്ലണ്ടിന്റെ 115 റൺസിന്റെ കടംകൂടി ബാക്കിയുണ്ട്.