വനിതാ ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീലപ്പട. ഇന്നലെ നടന്ന മത്സരത്തിൽ 82 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തിൽ മികച്ച ജയം അനിവാര്യമായിരുന്ന ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.5 ഓവറിൽ 90 റൺസ് മാത്രമാണ് നേടിയത്.
കൃത്യമായ ഇടവേളകളിൽ ലങ്കയുടെ വിക്കറ്റുകൾ വീഴ്ത്തായിൻ ഇന്ത്യക്ക് കഴിഞ്ഞു. ഓപണർമാരായി എത്തിയ സ്മൃതി മന്ഥനയും ഷഫാലി വർമയും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 40 പന്തിൽ 43റൺസ് നേടിയാണ് ഷഫാലി വർമ പുറത്തായതെങ്കിലും മന്ഥന 38 പന്തിൽ 50 റൺസ് നേടി പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജമീമ റോഡ്രിഗസും സ്‌കോർ പതിയ ഉയർത്തി. മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റനും അർധ സെഞ്ചുറി നേടി.
27 പന്തിൽ 52 റൺസാണ് ഹർമൻപ്രീത് കൗർ നേടിയത്. 10 പന്ത് നേരിട്ട റിച്ച ഘോഷ് 16 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് തുടക്കത്തിൽതന്നെ തിരിച്ചടിയേറ്റു. മത്സരത്തിലെ രണ്ടാം പന്തിൽതന്നെ ഓപണർ വിഷാമി ഗുണര്തനെയുടെ വിക്കറ്റ് നഷ്ടമായി. അധികം വൈകാതെ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്റെ വിക്കറ്റും ലങ്കക്ക് നഷ്ടമായി. സ്‌കോർ ബോർഡിൽ നാലു റൺസായപ്പോഴായിരുന്നു ലങ്കയുടെ രണ്ടാം വിക്കറ്റ് വീണത്.
സ്‌കോർ ആറിലെത്തിയപ്പോൾ മൂന്നാം വിക്കറ്റും വീണതോടെ ലങ്ക പ്രതിരോധത്തിലായി. പിന്നീട് അതിൽനിന്ന് കരകയറാൻ അവർക്കായില്ല. 22 പന്തിൽ 20 റൺസെടുത്ത അനുഷ്‌ക സജീവനിയാണ് ലങ്കയുടെ ടോപ് സ്‌കോറർ. ലങ്കൻ നിരയിൽ മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. മലയാളി താരം ആഷ ശോഭനയും അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റേണുക സിങ് രണ്ടും ശ്രയങ്ക പാട്ടീൽ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഞായറാഴ്ത ആസ്‌ത്രേലിയക്കെതിരേയുള്ള മത്സരത്തിലും ജയം നേടിയാൽ മാത്രമേ ഇന്ത്യക്ക് അടുത്ത റൗണ്ട് പ്രതീക്ഷിക്കേണ്ടതുള്ളു.