സൂപ്പർ ലീഗ് കേരളയിലെ നിർണായക മത്സരത്തിൽ ഇന്ന് തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, തൃശൂർ മാജിക്ക് എഫ്.സി യെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 നാണ് മത്സരം.സെമിഫൈനൽ സാധ്യത നിലനിർത്താൻ കൊമ്പന്മാർക്ക് ഇന്നത്തെ മത്സരം ജയിച്ചേതീരു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള, ഇതുവരെ ഒരു മത്സരവും ജയിക്കാത്ത തൃശൂരിനാകട്ടെ ഇന്ന് ജീവന്മരണ പോരാട്ടവുമാണ്.
ആറു കളികളിൽ നിന്ന് ആറ് പോയിന്റുള്ള കൊമ്പന്മാർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. മലപ്പുറം എഫ്.സി ക്കും ആറ് പോയിന്റുണ്ടെകിലും ഗോൾ ശരാശരിയിൽ കൊമ്പന്മാരാണ് മുമ്പിൽ. ഏറ്റവും മികച്ച താരനിരയുമായാണ് കൊമ്പൻസ് എവേ മത്സരത്തിനായി ഇന്ന് പയ്യനാട്ട് എത്തുന്നത്. ക്യാപ്റ്റൻ പാട്രിക് മൊട്ട മിഡ്ഫീൽഡിനു ചുക്കാൻ പിടിക്കുമ്പോൾ, ബിസ്‌പോ, ഗണേശൻ, അഷർ, വിഷ്ണു, ഡാവി കുൻ എന്നിവരുടെ പരിചയസമ്പത്തു കൂടെ ചേർന്നു മികച്ച കളി പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ.
പ്രതിരോധത്തിൽ അഖിൽ, ബാദിഷ്, റീനൻ എന്നിവരും മികച്ച ഫോമിലാണ്. തിരുവനന്തപുരത്തെ കൊമ്പൻസ് ആരാധകർക്കായി മാനവീയം വീഥിയിലെ ഫാൻ പാർക്കിൽ വലിയ സ്‌ക്രീനിൽ മാച്ച് പ്രദർശി പ്പിക്കുന്നതായിരിക്കും.