ശ്രീലങ്കക്കെതിരേയുള്ള ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്. ഇന്ന് ഉച്ചക്ക് 2.30 മുതലാണ് മത്സരം. ആദ്യ ഏകദിനം സമനിലയിലായതോടെ ഇനിയുള്ള രണ്ട് മത്സരങ്ങൾ നിർണായകമാണ്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ശ്രദ്ധയോടെ കരുക്കൾ നീക്കിയാൽ മാത്രമേ ലങ്കയെ കീഴടക്കാൻ കഴിയൂ. ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മറികടക്കാൻ കഴിയുന്ന സ്‌കോറായിരുന്നു ശ്രീലങ്ക നേടിയത്. എന്നാൽ മധ്യനിരയിലെയും വാലറ്റത്തെയും ബാറ്റർമാർ പരാജയമായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ആദ്യ മത്സരത്തിൽ നിശ്ചിത ഓവറിൽ 230 റൺസായിരുന്നു ശ്രീലങ്ക നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യക്കും 47.5 ഓവറിൽ 230 റൺസ് മാത്രമാണ് നേടാനായത്. ടി20 പരമ്പരയ്ക്കു പിന്നാലെ ഇനിയുള്ള രണ്ട് മത്സരവും ജയിച്ച് ഏകദിന പരമ്പരയും സ്വന്തം പേരിൽ ഏഴുതിച്ചേർക്കാനുറച്ചാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്നത്.