ടി20 ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ പാകിസ്താനെ അട്ടിമറിച്ച് അമേരിക്ക.
ആവേശം അണപ്പൊട്ടിയൊഴുകിയ മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു ആതിഥേയരുടെ വിജയം.
ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തത്. മറുപടിക്കിറങ്ങിയ അമേരിക്ക 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 158ലെത്തി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പർ ഓവറിൽ അമേരിക്ക 18 റൺസെടുത്തപ്പോൾ പാകിസ്ഥാന് 13 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
നേരത്തെ വിജയത്തിന്റെ വക്കോളമെത്തിയ അമേരിക്കയെ അവസാന ഓവറുകളിൽ പിടിച്ചു കെട്ടിയാണ് പാകിസ്ഥൻ മത്സരം സൂപ്പർ ഓവറിലെത്തിച്ചത് .
അവവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തി ആരോൺ ജെയിംസ് വിറപ്പിച്ചെങ്കിലും പാക്ബൗളർമാർ പിടിച്ചു കെട്ടിയതോടെ 159ൽ ഒതുങ്ങുകയായിരുന്നു.
ഓപ്പണറായിറങ്ങി അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ മോനക് പട്ടേൽ (38 പന്തിൽ 50) ആണ് അമേരിക്കയുടെ ടോപ് സ്കോറർ. 26 പന്തിൽ 35 റൺസെടുത്ത ആൻഡ്രിസ് ഗോസും തിളങ്ങി.
160 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അമേരിക്ക ശ്രദ്ധയോടെയായിരുന്നു തുടങ്ങിയത്. സ്‌കോർ 36ൽ നിൽക്കെയായിരുന്നു അമേരിക്കയുടെ ആദ്യ വിക്കറ്റ് വീണത്. 16 പന്തിൽ 12 റൺസെടുത്ത സ്റ്റീവൻ ടെയ്ലറിന്റെ വിക്കറ്റായിരുന്നു നഷ്ടപ്പെട്ടത്. പിന്നീട് ക്രീസിൽ ഒരുമിച്ച മോനകും ഗോസും പാക് പ്രതീക്ഷകളെ അടിച്ചകറ്റുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 43 പന്തിൽ 44 റൺസെടുത്ത ക്യാപ്റ്റൻ ബാബർ അസമിന്റെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ബാബറിനൊപ്പം ഓപ്പണറായിറങ്ങിയ മുഹമ്മദ് റിസ്വാന് കാര്യമായ സ്‌കോർ നേടാനായില്ല. എട്ടു പന്തിൽ ഒൻപത് റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. മധ്യനിരയിൽ ഷദാബ് ഖാന്റെ പ്രകടനവും പാകിസ്ഥാന് ആശ്വാസമായി. താരം 25 പന്തിൽനിന്ന് 40 റൺസാണ് സ്‌കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്ത്. അസം ഖാൻ പൂജ്യനായി മടങ്ങി. അവസാന ഓവറുകളിൽ ഷഹീൻ അഫ്രീദിയും ഹാരിസ് റഊഫും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് പാകിസ്ഥാന്റെ സ്‌കോർ 159ൽ എത്തിച്ചത്. 16 പന്തിൽ 23 റൺസ് നേടിയ ഷഹീൻ അഫ്രീദി ഔട്ടാകാതെ നിന്നു. കുടെയുണ്ടായിരുന്ന ഹാരിസ് റഊഫ് മൂന്ന് പന്തിൽ മൂന്ന് റൺസ് നേടി. അമേരിക്കക്കായി നൗതേഷ് കെഞ്ചിഗേ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സൗറാബ് രണ്ടും അലി ഖാൻ, ജസ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.