ജൂൺ 15ന് ജർമനിയിൽ നടക്കുന്ന യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പരിശീലകൻ ഗരത് സൗത്‌ഗേറ്റ് പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ താരം ഹാരി മഗ്വയർ, മാഞ്ചസ്റ്റർ സിറ്റി താരം ജാക് ഗ്രീലിഷ്, ജെയിംസ് മാഡിസൺ എന്നിവർ ഇല്ലാതെയാണ് ഹാരി കെയ്ൻ നയിക്കുന്ന 26 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ബോസ്‌നിയ, ഐസ്ലലൻഡ് എന്നീ ടീമുകൾക്കെതിരേയുള്ള സൗഹൃദ മത്സരത്തിന് ശേഷമായിരുന്നു സൗത്‌ഗേറ്റ് ടീമിനെ പ്രഖ്യാപിച്ചത്. പരുക്കിന്റെ പിടിയാണെങ്കിലും ലൂക്ക് ഷയെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കാഫിനേറ്റ പരുക്കിൽനിന്ന് മുക്തനാകാത്തതിനെ തുടർന്നാണ് മഗ്വയറിനെ ടീമിൽനിന്ന് ഒഴിവാക്കിയത്. ലെവിസ് ഡങ്ക്, ജോയ് ഗോമസ്, മാർക് ഗോഹി എന്നിവർ പ്രതിരോധ താരങ്ങളായി ടീമിലുണ്ട്. ജൂഡ് ബെല്ലിങ്ഹാം, ലിവർപൂൾ താരം അലക്‌സാണ്ടർ അർണോൾഡ്, ഡക്ലാൻ റൈസ്, കോണർ ഗല്ലഹർ, കോബി മോയീനു എന്നിവരും ടീമിലിടം നേടി.
ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ആദം വാർട്ടണും ടീമിൽ ഇടം നേടിയിട്ടുണ്ട്. ജറോഡ് ബോവൻ, എബറേച്ചി എസേ, ഫിൾ ഫോഡൻ, ബുകയോ സാക, ആന്റണി ഗാർഡോൻ എന്നിവർ മുന്നേറ്റനിരയിൽ യൂറോ കപ്പിൽ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങും.
17ന് സെർബിയക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ ചാംപ്യൻഷിപ്പിലെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ സ്ലോവേനിയ, ഡെൻമാർക്ക്, സെർബിയ എന്നിവർക്കൊപ്പമാണ് ഇംഗ്ലണ്ട് യൂറോ കപ്പിനിറങ്ങുന്നത്.