വനിതകളുടെ ടി20 ലോകകപ്പിൽ രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് അയൽക്കാരായ ശ്രീലങ്കയെ നേരിടുന്നു. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരേ ജയിച്ചു കയറിയ ഹർമൻപ്രീത് കൗറും സംഘവും മികച്ച ആത്മവിശ്വാസത്തിലാണ്.ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരം ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30 മുതൽ നടക്കും.
ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 58 റൺസിന് പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ ആറു വിക്കറ്റിന് തകർത്തതാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. ഒക്ടോബർ 13ന് ആസ്‌ത്രേലിയിയാണ് ഗ്രൂപ്പ്ഘട്ട മത്സരത്തിലെ ഇന്ത്യയുടെ അവസാന എതിരാളി. ശ്രീലങ്കയ്ക്കും ആസ്‌ത്രേലിയക്കുമെതിരായ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് നേരിട്ട് സെമിയിലെത്താം. അല്ലെങ്കിൽ മറ്റു ടീമുകളുടെ ജയപരാജയങ്ങളെ അനുസരിച്ചാകും ഇന്ത്യയുടെ സെമി പ്രതീക്ഷ.
പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയിരുന്നു. മലയാളി താരം സജന സജീവനും ദീപ്തി ശര്മയും ചേർന്നായിരുന്നു ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. നേരിട്ട ആദ്യ പന്തിൽതന്നെ ബൗണ്ടറി നേടിയാരുന്നു സജന ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പാകിസ്ഥാനെതിരേയുള്ള ജയം ഇന്ത്യക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അതേസമയം രണ്ട് മാസം മുൻപ് സമാപിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ലങ്കക്കെതിരേ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
അതിനാൽ ഇന്നത്തെ മത്സരത്തിൽ ശ്രദ്ധയോടെ കളിച്ചാൽ മാത്രമേ ഇന്ത്യക്ക് മത്സരത്തിൽ ജയിക്കാൻ കഴിയൂ. രണ്ട് മത്സരത്തിൽ ഇന്ത്യ ഒന്നിൽ ജയിക്കുകയും ഒന്നിൽ തോൽക്കുകയും ചെയ്തപ്പോൾ കളിച്ച രണ്ട് മത്സരത്തിലും തോൽവി രുചിച്ചാണ് ശ്രീലങ്ക എത്തുന്നത്. ടൂർണമെന്റിലെ ആദ്യ ജയം തേടിയാകും അയൽക്കാരായ ലങ്ക എത്തുന്നത്. അതിനാൽ ലങ്ക ആദ്യ ജയം തേടി ഇറങ്ങുമ്പോൾ ഇന്ന് മികച്ചൊരു പോരാട്ടം പ്രതീക്ഷിക്കാം.