ഒരു ദശാബ്ദ കാലം സ്വിറ്റ്‌സര്‍ലന്‍ഡ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍വലകാത്ത യാന്‍ സോമര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. രാജ്യത്തിനായി 94 മത്സരങ്ങളില്‍ കളത്തിലിറങ്ങിയാണ് 35കാരനായ താരം ദേശീയ ജഴ്‌സി അഴിച്ചുവെക്കുന്നത്. താരം ഇനി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
2012 ലാണ് സോമര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി അരങ്ങേറുന്നത്. തുടര്‍ന്ന് മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോകപ്പുകളിലും രാജ്യത്തിനായി വലകാത്തു. ഇക്കഴിഞ്ഞ യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് താരം അവസാനമായി സ്വിസ് ജഴ്‌സിയില്‍ ഇറങ്ങിയത്. 2020 യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിസ് പടയെ ക്വാര്‍ട്ടറിലെത്തിച്ചതാണ് സോമറിന്റെ രാജ്യാന്തര കരിയറിലെ അവിസ്മരണീയ നിമിഷം. അന്ന് കിലിയന്‍ എംബാപ്പെയുടെ കിക്ക് തടഞ്ഞിട്ടാണ് യാന്‍ സോമര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ അവസാന എട്ടിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണികില്‍ നിന്ന് ഇന്റര്‍ മിലാനിലെത്തിയ താരം തന്റെ ആദ്യ സീരി എ സീസണില്‍ തന്നെ ടീമിനെ ചാംപ്യന്മാരാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
സോമര്‍ പടിയിറങ്ങിയതോടെ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഗ്രെഗര്‍ കോബല്‍ ആയിരിക്കും ഇനി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫസ്റ്റ് ചോയ്‌സ് ഗോള്‍കീപ്പര്‍.