സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് ലക്ഷ്യം വെച്ച് കേരളം ഇന്ന് ലക്ഷദ്വീപിനെ നേരിടുന്നു. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കേരളം റെയിൽവേസിനെതിരേ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം നേടിയിരുന്നു. ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്നത്തെ മത്സരത്തിലും ജയം കൊയ്ത് ഫൈനൽ റൗണ്ട് ഉറപ്പിക്കാൻ വേണ്ടിയാണ് കേരളം ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ അതേ ടീം തന്നെയാകും ഇന്നത്തെ മത്സരത്തിലും കേരളത്തിനായി ബൂട്ടണിയുക. എന്നാൽ ആദ്യ മത്സരത്തിൽ തുടക്കത്തിൽ വരുത്തിയ പിഴവുകൾ പരിഹരിച്ചാകും രണ്ടാം മത്സരത്തിനിറങ്ങുക എന്ന് പരിശീലകൻ ബിബി തോമസ് വ്യക്തമാക്കി. ആദ്യ മത്സരത്തിൽ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞെങ്കിലും ഗോൾ മാത്രം അകന്ന് നിൽക്കുകയായിരുന്നു.
പിന്നീട് രണ്ടാം പകുതിയിൽ ടീമിൽ മാറ്റം വരുത്തിയതിന് ശേഷമായിരുന്നു കളി മാറിയതും ഗോൾ വന്നതും. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെ തോൽപിച്ചാണ് ലക്ഷദ്വീപ് എത്തുന്നത്. കരുത്ത് കൊണ്ടും കഴിവ് കൊണ്ടും കേരളത്തിന് വെല്ലുവിളി ഉയർത്താൻ കഴിവുള്ള ലക്ഷദ്വീപിനെതിരേ കരുതലോടെ കളിച്ചാൽ മാത്രമേ കളിക്കാൻ കഴിയൂ.
ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ കേരളത്തിന് ഫൈനൽ റൗണ്ട് പ്രതീക്ഷിക്കാം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ റെയിൽവേസും പോണ്ടിച്ചേരിയും തമ്മിലാണ് മത്സരത്തിനിറങ്ങുന്നത്. ആദ്യ ജയം തേടിയാണ് റെയിൽവേസ് ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തിൽ കേരളത്തിനോടായിരുന്നു റെയിൽവേസ് തോറ്റത്. ഉച്ചക്ക് 3.30നാണ് മത്സരം.
ആദ്യ മത്സരം ജയിച്ചതിനാൽ ഇന്ന് സമ്മർദമില്ലാതെ കളിക്കാനാകും. എന്നാലും എതിരാളികൾ ശക്തരായതിനാൽ കരുതലോടെ കളിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സ്‌കോർ ചെയ്ത് നിലഭദ്രമാക്കാനാണ് ശ്രമം, പരിശീലകൻ ബിബി തോമസ് വ്യക്തമാക്കി. വിവിധ മേഘലകളിലായി ഹിമാചൽപ്രദേശ്-ജമ്മുകശ്മീർ, പഞ്ചാബ്-ലഡാക്ക്, നാഗലൻഡ്-മേഘാലയ,അരുണാചൽപ്രദേശ്-അസം തുടങ്ങിയ ടീമുകളും മത്സരത്തിനിറങ്ങുന്നുണ്ട്.