റയൽ മാഡ്രിഡിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉടൻ നിലപാട് വ്യക്തമാക്കണമെന്ന് നാച്ചോയോട് ആവശ്യപ്പെട്ട് റയൽ മാഡ്രിഡ്. ജൂൺ അവസാനത്തോടെ നാച്ചോയുടെ റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുകയാണ്. എന്നാൽ താരം ഇതുവരെ കരാർ പുതുക്കുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. പരിശീലകൻ കാർലോ ആൻസലോട്ടിക്ക് നാച്ചോ ക്ലബിൽ തുടരണമെന്നാണ് ആവശ്യം.
എന്നാൽ ഭാവി തീരുമാാനം താരം ഇതുവരെ ക്ലബിനെ അറിയിച്ചിട്ടില്ല. അടുത്ത സീസണിൽ സഊദി പ്രോ ലീഗ് ക്ലബ് അൽ നസ്‌റ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമി തുടങ്ങിയ ക്ലബുകളിലേക്ക് ചേക്കേറാൻ നാച്ചോ ശ്രമിക്കുന്നതായി മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
12 വർഷമായി റയൽ മാഡ്രിഡിൽ തുടരുന്ന താരത്തിന് അവസാന സീസണിൽ മികച്ച നേട്ടം കൈവരിക്കാനയിരുന്നു. 34 കാരനായ താരത്തിന്റെ ക്യാപ്റ്റൻസിയിൽ റയൽ മാഡ്രിഡ് അവസാന സീസണിൽ ലാലിഗയും ചാംപ്യൻസ് ലീഗ് കിരീടവും നേടിയിരുന്നു. സീസണിൽ 45 മത്സരങ്ങളിലായിരുന്നു നാച്ചോ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചത്.
അതിൽ 12 മത്സരത്തിൽ നാച്ചോ റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ സ്ഥാനത്തുമായിരുന്നു. റയൽ മാഡ്രിഡ് ഒരു വർഷത്തെ കരാർകൂടി നാച്ചോക്ക് നൽകാനാണ് നീക്കം. എന്നാൽ റയലിന്റെ ഒരു വർഷത്തെ കരാറാണോ അതോ പുതുതായി മറ്റൊരു ടീം തിരഞ്ഞെടുക്കുമോ എന്ന കാത്തിരിപ്പിലാണ് റയൽ മാഡ്രിഡ്. പത്തു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തമായ അറിയിപ്പ് നൽകാനാണ് റയൽ നാച്ചോക്ക് നിർദേശം നൽകിയിരിക്കുന്നത്.