Shopping cart

  • Home
  • Football
  • നീയൊന്നും കാണാത്ത നിനക്കൊന്നും അറിയാത്ത ഒരു നോട്ടിങ്ഹാം ഉണ്ട്
Football

നീയൊന്നും കാണാത്ത നിനക്കൊന്നും അറിയാത്ത ഒരു നോട്ടിങ്ഹാം ഉണ്ട്

നോട്ടിങ്ഹാം
Email :3

1979-82 ലെ സുവര്‍ണ കാലത്തെ അനുസ്മരിപ്പിച്ച് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ കുതിപ്പ്

നോട്ടിങ്ഹാമിലെ ബാല്യങ്ങള്‍ ഇപ്പോള്‍ സ്വപ്ന ലോകത്താണ്. ചാരു കസേരയിലിരുന്ന് മുത്തശ്ശിമാര്‍ അയവിറക്കിയിരുന്ന തങ്ങളുടെ ഇഷ്ട ക്ലബ്ബിന്റെ സുവര്‍ണ കാലം ഇന്നവര്‍ കണ്‍മുമ്പില്‍ കണ്ടുകൊണ്ടിരിക്കുന്നു.
നോട്ടിങ്ഹാം ഫോറസ്റ്റിന്റെ നാലര പതിറ്റാണ്ട് മുമ്പുള്ള പോരാട്ട ചരിതങ്ങള്‍ എണ്ണിപ്പറഞ്ഞത് വെറുമൊരു മുത്തശ്ശിക്കഥയല്ലെന്ന് അവര്‍ മനസ്സിലാക്കി തുടങ്ങിയിരിക്കാം.
കഴിഞ്ഞ രണ്ട് സീസണുകളിലായി റിലഗേഷനില്‍ നിന്ന് കഷ്ടപ്പെട്ട് രക്ഷപ്പെട്ട ഒരു ടീം ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. വമ്പന്മാരെയെല്ലാം പിറകിലാക്കി പോയിന്റ് ടേബിളില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന നോട്ടിങ്ഹാം ഇന്ന് പല ഇംഗ്ലീഷ് വമ്പന്മാരുടെയും കണ്ണിലെ കരടാണ്.
2016ലെ ലെസ്റ്റര്‍ സിറ്റിയുടെ കുതിപ്പിനെ നിങ്ങള്‍ ഓര്‍മിപ്പിക്കുന്നു എന്ന് ഫുട്‌ബോള്‍ ലോകം അഭിപ്രായപ്പെടുമ്പോള്‍ നോട്ടിങ്ഹാം ആരാധകര്‍ സഞ്ചരിക്കുന്നത് നാലര പതിറ്റാണ്ട് മുമ്പത്തെ തങ്ങളുടെ പ്രതാപ കാലത്തേക്കാണ്.
1865ലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് എന്ന ഫുട്‌ബോള്‍ ക്ലബ് രൂപീകരിക്കുന്നത്. ക്ലബിന്റെ 160 വര്‍ഷത്തെ ചരിത്രത്തില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും 1975 മുതല്‍ 82വരെയുള്ള തങ്ങളുടെ സുവര്‍ണകാലം നോട്ടിങ്ഹാം ആരാധകര്‍ മറവിക്ക് വിട്ടുകൊടുക്കില്ല.
തങ്ങളുടെ ഇതിഹാസ പരിശീലകന്‍ ബ്രയാന്‍ ക്ലോഫിന് കീഴില്‍ നേടിയെടുത്ത ട്രോഫികളുടെ പെരുമഴക്കാലം അവര്‍ക്കെങ്ങനെ വിസ്മരിക്കാനാകും.
1975ലാണ് ബ്രയാന്‍ ക്ലോഫ് നോട്ടിങ്ഹാമില്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ക്ലബ് രൂപീകരിച്ചു 110 വര്‍ഷം പിന്നിട്ടിട്ടും വെറും രണ്ട് എഫ്. എ കപ്പ് മാത്രമുണ്ടായിരുന്ന ക്ലബിനെ അത്യുന്നതങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു ബ്രയാന്‍.
രണ്ടാം ഡിവിഷനില്‍ നിന്ന് ടീമിന് ടോപ് ലീഗിലേക്ക് പ്രമോഷന്‍ നേടിക്കൊടുത്ത ബ്രയാന്‍ 1997778 സീസണില്‍ ചാമ്പ്യന്‍ പട്ടവും നേടിക്കൊടുത്തു. തൊട്ടടുത്ത സീസണില്‍ റണ്ണേഴ്‌സ് ആയതും നോട്ടിങ്ഹാം തന്നെ.
രണ്ട് യൂറോപ്യന്‍ കപ്പുകളാണ് (ഇന്നത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ്) ബ്രായാന്റെ
കാലഘട്ടത്തില്‍ നോട്ടിങ്ഹാം നേടിയത്. പിന്നീട് യുവേഫ സൂപ്പര്‍ കപ്പും രണ്ട് എഫ്.എ കപ്പുകളും നാല് ലീഗ് കപ്പും ഒരു എഫ്.എ ചാരിറ്റി ഷീല്‍ഡും നേടിയത് ഇതിന് തുടര്‍ച്ചയായാണ്. അന്നത്തെ കനലില്‍ നിന്ന് ആളിക്കത്തുകയാണ് ഇന്ന് നോട്ടിങ്ഹാം.
നാല്‍പതാണ്ടിനിപ്പുറം അന്നത്തെ ഓര്‍മ്മകളിലേക്ക് തുന്നിച്ചേര്‍ക്കാനുള്ള നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നോട്ടിങ്ഹാമുകാര്‍.

നുനോ എസ്പിരിറ്റൊ സാന്റോ എന്ന പോര്‍ച്ചുഗീസ് പരിശീലകന്റെ കണ്ണില്‍ അവര്‍ കാണുന്നത് ബ്രയാന്‍ ക്ലോഫിനെയാണ്. പ്രതിസന്ധികളാല്‍ പുകഞ്ഞിരുന്ന കാലത്തിനിടക്ക് പ്രീമിയര്‍ ലീഗില്‍ വന്‍ കുതിപ്പ് സമ്മാനിച്ച നുനോ ഇംഗ്ലണ്ടിലെ ചക്രവര്‍ത്തിയായി ഈ സീസണ്‍ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണവര്‍.

നിലവില്‍ 24 മത്സരങ്ങളില്‍ നിന്ന് 47 പോയിന്റുമായി പട്ടികയില്‍ മൂന്നാമതാണ് നോട്ടിങ്ഹാം. രണ്ടാമതുള്ള ആഴ്‌സനലിനും 47 പോയിന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് മൂന്നാമത് നില്‍ക്കുന്നത്.
24 മത്സരങ്ങളില്‍ 14 ജയം സ്വന്തമാക്കിയപ്പോള്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് നുനോയും സംഘവും തോല്‍വിയറിഞ്ഞത്. അഞ്ച് മത്സരം സമനിലയിലാവുകയും ചെയ്തു.
പട്ടകയിലെ ഒന്നാമന്മാരായി സര്‍വാധിപത്യം പുലര്‍ത്തുന്ന ആര്‍നെ സ്ലോട്ടിന്റെ ലിവര്‍പൂള്‍ ഇത്തവണ പ്രീമിയര്‍ ലീഗില്‍ ഒരു തവണ മാത്രമാണ് തോല്‍വി രുചിച്ചത്. ആന്‍ഫീല്‍ഡില്‍ വെച്ചേറ്റ ആ പരാജയം നുനോയുടെ നോട്ടിങ്ഹാമിന്റെ വകയായിരുന്നു. ആന്‍ഫീല്‍ഡുകാര്‍ നോട്ടിങ്ഹാമിന്റെ സിറ്റി ഗ്രൗണ്ടിലെത്തിയപ്പോഴും നുനോയുടെ സംഘം അവരെ പിടിച്ചു കെട്ടി. 1-1ന് സമനിലയിലായിരുന്നു മത്സരം അവസാനിച്ചത്.

കിരീട ഫേവിറിട്ടുകളായ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റി ആദ്യ നാലില്‍ ഇടം പിടിക്കാനും വമ്പന്മാരായ യുണൈറ്റഡും ടോട്ടനവും റിലഗഷന്‍ സോണില്‍ നിന്ന് രക്ഷപ്പെടാനും പാടുപെടുമ്പോഴാണ് വമ്പന്മാരെയെല്ലാം കശക്കിയെറിഞ്ഞുള്ള നോട്ടിങ്ഹാമിന്റെ പ്രകടനം. 24 മത്സരങ്ങളില്‍ നിന്ന് 40 ഗോളുകളാണ് ടീം ഇതിനിടെ അടിച്ചു കൂട്ടിയത്. 17 ഗോളുകള്‍ സ്വന്തമാക്കി ഗോള്‍ വേട്ടക്കാരില്‍ മുന്‍ നിരയിലുള്ള ന്യൂസിലന്‍ഡുകാരന്‍ ക്രിസ് വുഡാണ് നുനോയുടെ പ്രധാന കരുത്ത്. ഒപ്പം ഗോള്‍ കീപ്പര്‍ ബെല്‍ജിയം താരം മാര്‍ട്ട് സെല്‍സ് മുതല്‍ പ്രതിരോധവും മധ്യനിരയും ഒരേ മനസ്സോടെ നീങ്ങുമ്പോള്‍ നുനോ ഈ സീസണില്‍ വെറും കയ്യോടെ മടങ്ങില്ലെന്ന പ്രത്യാശയിലാണ് കാല്‍പന്ത് ലോകം. 10 ക്ലീന്‍ ഷീറ്റുകളാണ് സെല്‍സ് ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ഇതു വരെ നേടിയിട്ടുള്ളത്. ക്ലീന്‍ ഷീറ്റ് ലിസ്റ്റില്‍ ഒന്നാമനും സെല്‍സ് തന്നെ.
അവസാനം നടന്ന മത്സരത്തില്‍ ബ്രൈറ്റണെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് നോട്ടിങ്ഹാം പരാജയപ്പെടുത്തിയത്.
ഗോള്‍ മെഷീന്‍ ക്രിസ് വുഡ് ഹാട്രിക്കുമായി കളം നിറയുകയും ചെയ്തു.
നുനോ തങ്ങളുടെ ബ്രയാന്‍ ക്ലോഫിലേക്കുള്ള യാത്രയിലാണ് എന്ന് വിശ്വാസിക്കുന്ന നോട്ടിങ്ഹാമുകാര്‍ ഇപ്പോഴേ സ്വപ്നം നെയ്ത് തുടങ്ങിയിട്ടുണ്ട്. പ്രീമിയര്‍ ലീഗും അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും അങ്ങനെ… അങ്ങനെ…

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts