മനു ഭക്കറിന് വീണ്ടും മെഡൽ പ്രതീക്ഷ
ഇന്ത്യയുടെ ഇന്നത്തെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായിരുന്ന ഷൂട്ടിങ്ങിൽ പത്തു മീറ്റർ എയർ റൈഫിൾസ് വിഭാഗത്തിൽ നിരാശ. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾസ് വിഭാഗത്തിൽ മത്സരിച്ച അർജുൻ ബബൂത്ത, വനിതാ വിഭാഗം പത്തു മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ മത്സരിച്ച രമിത ജിൻഡാൽ എന്നിവർക്ക് മെഡൽ നേടാൻ കഴിഞ്ഞില്ല. 208.4 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്നു അർജുൻ ബബൂത്ത ഫിനിഷ് ചെയ്തത്.
തുടക്കത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും അവസാന റൗണ്ടിലായിരുന്നു ബബൂത്ത പുറത്തായത്. അവസാന ഷോട്ട് പിഴച്ചതായിരുന്നു ബബൂത്തക്ക് തിരിച്ചടിയായത്. വനിതാ വിഭാഗത്തിൽ രമിത ജിൻഡാൽ ഏഴാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. 145.3 പോയിന്റ് മാത്രമാണ് രമിതക്ക് നേടാനായത്. 251.8 പോയിന്റുമായി ദക്ഷിണ കൊറിയൻ താരം എച്ച്.എൻ ബെന്നാണ് ഈ ഇനത്തിൽ സ്വർണം നേടിയത്.
ചൈനീസ് താരം വൈ.ടി ഹുങ് 251.8 പോയിന്റുമായി വെള്ളിയും സ്വിറ്റ്‌സർലൻഡ് താരം ഗോഗ്നിറ്റ് 230.3 പോയിന്റുമായി മൂന്നാം സ്ഥാനവും സ്വന്തമാക്കി. അതേസമയം മിക്‌സഡ് ഷൂട്ടിങ് ഇനത്തിൽ ഇന്ത്യൻ താരങ്ങൾ വെങ്കല മെഡൽ പോരാട്ടത്തിന് യോഗ്യത നേടിയത് ഇന്ത്യക്ക് നേട്ടമായി. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സ്ഡ് ടീം ഇനത്തിൽ മനു ഭക്കർ-സരബ്‌ജോത് സഖ്യമാണ് ഫൈനലിൽ പ്രവേശിച്ചത്.
യോഗ്യത റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യൻ സഖ്യം ഫൈനലിൽ കടന്നത്. നാളെ ഒരുമണിക്കാണ് ഫൈനൽ നടക്കുക.മൂന്നു സീരീസുകളിലായി ഓരോ ഷൂട്ടർക്കും യോഗ്യത റൗണ്ടിൽ 30 ഷോട്ടുകളാണ് ലഭിച്ചത്. ആദ്യ 20 ഷോട്ടുകൾ പിന്നിട്ടപ്പോൾ മനു ഭക്കർ 18 ഇന്നർ ടെൻ നേടിക്കഴിഞ്ഞിരുന്നു. മൂന്നാം സീരീസിലാണ് മനു അൽപ്പം പുറകോട്ട് പോയത്. ആ പത്തു ഷോട്ടുകളിൽ ആറെണ്ണം മാത്രമായിരുന്നു പെർഫെക്റ്റ് ടെൻ.
മറു ഭാഗത്ത് സരബ്‌ജോത് സിങ് ആദ്യ സീരീസിൽ നാലു തവണ 9 സ്‌കോർ ചെയ്തു. പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ ഇന്ത്യക്ക് നാളെ ഷൂട്ടിങ് റേഞ്ചിൽനിന്ന് ഒരു മെഡൽകൂടി പ്രതീക്ഷിക്കാം.