യുവേഫാ നാഷൻസ് ലീഗിൽ ഇറ്റലിക്ക് ജയം. എവേ മത്സരത്തിൽ ബെൽജിയത്തേയായിരുന്നു ഇറ്റലി തോൽപിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അസൂറികളുടെ ജയം. മത്സരത്തിൽ 54 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ഇറ്റലി 11ാം മിനുട്ടിലായിരുന്നു വിജയഗോൾ നേടിയത്. സാന്ദ്രോ ടൊണോലിയായിരുന്നു വിജയഗോൾ നേടിയത്. ഗോൾ മടക്കാനായി ബെൽജിയം കഠിന ശ്രമങ്ങൾ നടത്തിയെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
ജയത്തോടെ അഞ്ച് മത്സരത്തിൽനിന്ന് 13 പോയിന്റ് നേടാൻ ഇറ്റലിക്ക് കഴിഞ്ഞു. അഞ്ച് മത്സരത്തിൽനിന്ന് നാലു പോയിന്റ് മാത്രമുള്ള ബെൽജിയം പട്ടികയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫ്രാൻസ് ഇസ്‌റാഈലിനോട് സമനില വഴങ്ങി. മത്സരത്തിൽ 71 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ഫ്രഞ്ച് പട 24 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ എട്ടെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു.
എന്നാൽ ഒന്ന് പോലും ഗോളായില്ല. പ്രതിരോധത്തിലൂന്നി കളിച്ച ഇസ്‌റാഈൽ മൂന്ന് ഷോട്ട് മാത്രമാണ് ഫ്രാൻസിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ഒന്ന് മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്.
ഇസ്‌റീഈലിന് എട്ടിന്റെ പണികൊടുത്ത് ഫ്രഞ്ച് ആരാധകർ.ഫ്രാൻസിനെതിരേയുള്ള യുവേഫാ നാഷൻസ് ലീഗ് മത്സരത്തിൽ ഇസ്‌റാഈലിനെ വരവേറ്റത് ഒഴിഞ്ഞ ഗാലറി. 80,000 ത്തോളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡ് ദി ഫ്രാൻസിൽ 15000ത്തിൽ താഴെ മാത്രം ആളുകളായിരുന്നു മത്സരം കാണാൻ എത്തിയത്.
ഏതാനും ദിവസം മുൻപ് നെതർലൻഡ്‌സിലും മത്സരത്തിനിടെ അക്രമം നടന്നിരുന്നു. ഡച്ച് ക്ലബ് അയാക്‌സും ഇസ്‌റാഈൽ ക്ലബ് മക്കാബി ടെൽ അവീവും തമ്മിൽ നടന്ന മത്സരത്തിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അത് കാരണം ഇന്നലെ ഫ്രാൻസിൽ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. 1600 സുരക്ഷാ ജീവനക്കാരും നാലായിരത്തോളം പോലിസുകാരുമായിരുന്നു ഇന്നലെ സ്‌റ്റേഡിയത്തിലുണ്ടായിരുന്നത്.
മത്സര സമയത്ത് ഇസ്‌റാഈൽ അനുകൂലികളും ഫ്രഞ്ച് പൗരമാൻരും ഏറ്റുമുട്ടിയെങ്കിലും പൊലിസിന്റെ അവസരോചിത ഇടപെടലിൽ അക്രമം സംഭവം ഇല്ലാതെ ഒഴിവാകുകയായിരുന്നു. പലരും ഇസ്‌റാഈലിനോടുള്ള പ്രതിഷേധം കാരണമായിരുന്നു മത്സരം ബഹിഷ്‌കരിച്ചത്.