ജർമൻ ഗോൾ ബാറിനു താഴെ ശക്തനായ കാവൽക്കാരനായിരുന്ന മാനുവൽ നൂയർ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റിൽ ചെയ്ത വീഡിയോയിലൂടെയായിരുന്നു 38 കാരനായ താരം അന്താരാഷ്ട ഫുട്‌ബോളിൽനിന്ന് വിരമിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതോടെ യൂറോ കപ്പിന് ശേഷം ജർമൻ ടീമിൽ നിന്ന് വിരമിക്കുന്ന താരങ്ങളുടെ എണ്ണം നാലായി. നേരത്തെ ഇൽകെ ഗുണ്ടോഗൻ, തോമസ് മുള്ളർ, ടോണി ക്രൂസ് എന്നിവർ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
രണ്ട് മാസം മുൻപ് സ്വന്തം നാട്ടിൽ നടന്ന യൂറോകപ്പിൽ ക്വാർട്ടറിൽ സ്‌പെയിനോട് തോറ്റ് ജർമനി കിരീട മോഹം ബാക്കിയാക്കി മടങ്ങിയിരുന്നു. 2004ൽ ജർമനിയുടെ അണ്ടർ 18 ടീമിൽ കളിച്ചു കൊണ്ടായിരുന്നു ദേശീയ ടീമിലേക്ക് മാനുവൽ നൂയർ കാലെടുത്ത് വെച്ചത്. പിന്നീട് അണ്ടർ 19,20,21 വിഭാഗങ്ങളിലായി ജർമനിക്കായി കളിച്ച നൂയർ 2009 മുതൽ സീനിയർ ടീമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്നു.
ജർമനിക്കായി 124 മത്സരം പൂർത്തിയാക്കിയാണ് താരം അന്താരാഷ്ട്ര ഫുട്‌ബോൾ മതിയാക്കുന്നത്. 2014ൽ അർജന്റീനയെ തോൽപിച്ച് ഫിഫ ലോകകപ്പ് കിരീടം നേടിയപ്പോൾ ജർമൻ ടീമിലെ പ്രധാനിയായിരുന്നു. 2010 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്താനും നൂയറിന് കഴിഞ്ഞു. ‘എന്നെ അറിയുന്ന എല്ലാവർക്കും അറിയാം ഈ തീരുമാനം എനിക്ക് അത്ര എളുപ്പമല്ലെന്ന്. എനിക്ക് ശാരീരികമായി വളരെ നല്ലതായി തോന്നുന്നു, 2026ൽ യു.എസ്.എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പ് എന്നെ ആകർഷിക്കുമായിരുന്നു.
അതേസമയം, ഈ നടപടി സ്വീകരിക്കാനും ഭാവിയിൽ എഫ്.സി ബയേൺ മ്യൂണിക്കിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് ബോധ്യമുണ്ട് 2014ലെ കപ്പും ഈ വർഷം നാട്ടിൽ നടന്ന യൂറോപ്യൻ ചാംപ്യൻഷിപ്പിന്റെ പ്രത്യേക അന്തരീക്ഷവും 2023 വരെ ഞങ്ങളുടെ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നത് എനിക്ക് വളരെ നന്ദിയുള്ള കാര്യമാണ്. ജർമൻ ദേശീയ ടീമിന്റെ ജേഴ്‌സി ധരിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്ന കാര്യമാണ്’ വീഡിയോ സന്ദേശത്തിൽ മാനുവൽ നൂയർ വ്യക്തമാക്കി.
അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്‌ബോളിൽ തുടരാനാണ് താരത്തിന്റെ തീരുമാനം. ബയേൺ മ്യൂണിക്കുമായി ഒരുവർഷത്തെ കരാർകൂടി നൂയറിന് ബാക്കിയുണ്ട്. നൂയർ കൂടി ദേശീയ ടീം വിട്ടതോടെ പരിചയ സമ്പത്തുള്ള നാലു താരങ്ങളെയാണ് ദേശീയ ടീമിന് നഷ്ടമായത്. അതിനാൽ പുതിയൊരു ടീമിനെ വാർത്തെടുക്കുക എന്നത് പരിശീലകന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാകും.
ജർമനിക്ക് കണ്ണീർ മടക്കം
യൂറോകപ്പില്‍ നിന്ന് ആതിഥേയരായ ജര്‍മനി പുറത്ത്. ആവേശം അധിക സമയത്തിന്റെ അവസാന മിനുട്ട് വരെ നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനാണ് ജര്‍മനിയെ പുറത്തിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സ്‌പെയിനിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനാല്‍ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. മത്സം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുമെന്ന് തോന്നിപ്പിച്ചെങ്കിലും 119ാം മിനുട്ടില്‍ ജര്‍മനിയെ ഞെട്ടിച്ച് മൈക്കില്‍ മറിനോ വലകുലുക്കുകയായിരുന്നു.
ഇരു ടീമുകളും ശ്രദ്ധയോടെയായിരുന്നു മത്സരത്തില്‍ കരുനീക്കങ്ങള്‍ തുടങ്ങിയത്. ആക്രമണ പ്രത്യാക്രമണങ്ങളുമായി ആദ്യ പകുതിയില്‍ ഇരുടീമുകളും കളംനിറഞ്ഞു കളിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്‌പെയിന്‍ ലീഡെടുത്തു. 51ാം മിനുട്ടില്‍ യുവതാരം ലാമിനെ യമാല്‍ നല്‍കിയ പാസില്‍നിന്ന് ഡാനി ഒല്‍മോയായിരുന്നു ഗോള്‍ സ്‌കോറര്‍. ഒരു ഗോള്‍ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സ്‌പെയിന്‍ തുടരെ ജര്‍മനിയുടെ ഗോള്‍മുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നു.