ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ വിജയത്തോടെ വരവറിയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പെപ്പിന്റെയും സംഘത്തിന്റെയും ജയം. ആദ്യ മത്സരത്തിൽ ജയം വേണമെന്ന ആഗ്രഹത്താൽ കളത്തിലിറങ്ങിയ ഇരു ടീമുകളും ശ്രദ്ധയോടെയായിരുന്നു കരുക്കൾ നീക്കിയത്. 18ാം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയായിരുന്നു ആദ്യ ഗോൾ നേടിയത്.
ബെർണാഡോ സിൽവയുടെ അസിസ്റ്റിൽ എർലിങ് ഹാളണ്ടിന്റെ വകയായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. ഒരു ഗോൾ വഴങ്ങിയതോടെ ഗോൾ മടക്കാനായി ചെൽസി ശക്തമായി തിരിച്ചടിച്ചെങ്കിലും സിറ്റിയുടെ വലകുലുക്കാൻ അവർക്കായില്ല. ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാനായി ചെൽസി ശ്രമങ്ങൾ നടത്തുന്നതിനിടെ സിറ്റിയുടെ രണ്ടാം ഗോളും ചെൽസിയുടെ വലയിലെത്തി. 84ാം മിനുട്ടിൽ കൊവാസിച്ചായിരുന്നു സിറ്റിയുടെ രണ്ടാം ഗോൾ നേടിയത്.
രണ്ട് ഗോൾ നേടിയതോടെ പിന്നീട് ചെൽസിയുടെ വിജയപ്രതീക്ഷകൾ അവസാനിച്ചു. പിന്നീട് ആശ്വാസ ഗോളിനായി ചെൽസി നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സിറ്റി വിജയശ്രീലാളിതരായി മടങ്ങി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബ്രന്റ്‌ഫോർഡ് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. 2-1 എന്ന സ്‌കോറിനായിരുന്നു ബ്രന്റ്‌ഫോർഡിന്റെ ജയം. ബ്രയാൻ മുബീനോ (29), യോനെ വിസ്സ (76) എന്നിവരായിരുന്നു ബ്രൻഡ് ഫോർഡിനായി ലക്ഷ്യം കണ്ടത്. ബ്രൻഡ് ഫോർഡിന്റെ സെൽഫ് ഗോളായിരുന്നു ക്രിസ്റ്റൽ പാലസിന് ആശ്വാസമായത്.
പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍പോര്- സിറ്റിയും ചെല്‍സിയും നേര്‍ക്കുനേര്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മ്പന്‍മാര്‍ നേര്‍ക്കുനേര്‍. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലാണ് ഇന്ന് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മുതലാണ് മത്സരം.തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യംവെച്ചാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും പുതിയ സീസണെത്തുന്നത്. യൂറോകപ്പ് ഫൈനലിനിടെ പരിക്കേറ്റ സ്പാനിഷ് താരം റോഡ്രി ഇല്ലാതെയാവും സിറ്റി ഇറങ്ങുക.
പ്രീസീസണ്‍ മത്സരങ്ങളില്‍ നിന്നും കമ്യുണിറ്റി ഷീല്‍ഡില്‍ നിന്നും വിട്ടുനിന്ന ഫില്‍ ഫോഡന്‍, ജോണ്‍ സ്റ്റോണ്‍സ്, കെയ്ല്‍ വാക്കര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ പുതിയ പരിശീലകന്‍ എന്‍സോ മരെസ്‌കക്ക് കീഴില്‍ കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനത്തില്‍ നിന്നുള്ള വന്‍ തിരിച്ചുവരവിനാണ് ചെല്‍സി ഒരുങ്ങുന്നത്. ടോഡ് ബോഹ്‌ലി 2022ല്‍ ചെല്‍സിയുടെ ഉടമസ്ഥന്‍ ആയതിന് ശേഷം ടീമന്റെ ആറാമത്തെ കോച്ചാണ് മരെസ്‌ക. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ സിറ്റിയെക്കാള്‍ ഇരുപത്തിയെട്ട് പോയിന്റ് പിന്നില്‍ ആയിരുന്നു ചെല്‍സി.