ആദ്യ നാലു മത്സരങ്ങളും അവസാനിച്ചത് സമനിലയിൽ
പ്രീമിയർ ലീഗ്, ലാലിഗ ടൂർണമെന്റുകൾക്ക് പിന്നാലെ ഇറ്റാലിയൻ ഫുട്‌ബോളിലും പന്തുരുണ്ടു തുടങ്ങി. ഇന്നലെ നടന്ന ആദ്യ നാലു മത്സരങ്ങൾ സമനിലയിലായിരുന്നു അവസാനിച്ചത്. ജിറോണയും ഇന്റർമിലാനു തമ്മിലുള്ള ആദ്യ മത്സരം 2-2 എന്ന സ്‌കോറിനാണ് അവസാനിച്ചത്. മത്സരത്തിന്റെ 20ാം മിനുട്ടിൽ അലെസാന്ദ്രോ വോഗ്ലിക്കയായിരുന്നു ജിറോണക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ 30ാം മിനുട്ടിൽ മാർക്കസ് തുറാം നേടിയ ഗോളിൽ ഇന്റർ സമനില കണ്ടെത്തി.
മത്സരം സമനിലായതോടെ മത്സരം കടുത്തു. പിന്നീട് 82ാം മിനുട്ടിൽ തുറാം ഇന്ററിനായി രണ്ടാം ഗോളും നേടി. എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറാല്ലെന്ന് വ്യക്തമാക്കി ജിറോണ 95ാം മിനുട്ടിൽ ഗോൾ മടക്കി മത്സരം സമനിലയിലാക്കുകയായിരുന്നു. ജൂനിയർ മെസ്സിയാസായിരുന്നു ജിറോണയുടെ സമനില ഗോൾ നേടിയത്. ഇതോടെ മത്സരം 2-2 എന്ന സ്‌കോറിന് അവസാനിച്ചു. പാർമയും ഫിയൊറന്റീനയും തമ്മിൽ നടന്ന രണ്ടാം മത്സരവും സമനിലയിലായിരുന്നു അവസാനിച്ചത്.
22ാം മിനുട്ടിൽ ഡെന്നിസ് മാനിലൂടെ പാർമയായിരുന്നു മുന്നിലെത്തിയത്. 75ാം മിനുട്ടിൽ ക്രിസ്റ്റിയാനോ ബിറാഗിയുടെ ഗോളിൽ ഫിയറന്റീന സമനില പിടിക്കുകയായിരുന്നു. 83ാം മിനുട്ടിൽ ഫിയറന്റീന താരം മാരിൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും അവസരം മുതലാക്കാൻ പാർമക്ക് കഴിഞ്ഞില്ല. എ.സി മിലാനും ടോറിനോയും തമ്മിൽ നടന്ന മൂന്നാം മത്സരം 2-2 എന്ന സ്‌കോറിനായിരുന്നു അവസാനിച്ചത്.
അൽവാരോ മൊറാട്ട (89), നോഹ ഒകാഫോർ (95) എന്നിവരായിരുന്നു മിലാന് വേണ്ടി ഗോൾ നേടിയത്. 35ാം മിനുട്ടിൽ വീണ സെൽഫ് ഗോളിലായിരുന്നു ടോറിനോ മുന്നിലെത്തിയത്. 68ാം മിനുട്ടിൽ ഡുവൻ സപാറ്റയും ടോറിനോക്കായി ലക്ഷ്യം കണ്ടു. എംപോളി മോൻസ മത്സരം ഗോൾ രഹിതമായി അവസാനിച്ചു.