അടുത്ത സീസണിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ബാഴ്‌സലോണ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനായി കരുനീക്കം തുടരുന്നു.
അതിനിടെ ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം ജോഷ്വാ കിമ്മിച്ചിനെ കാറ്റാലൻ ക്ലബ് ടീമിലെത്തിക്കുമെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ ക്ലബ് പ്രസിഡന്റ് ലപ്പോർട്ട ഇത് നിഷേധിച്ചിരിക്കുകയാണിപ്പോൾ.
‘നിലവിലെ സാഹചര്യത്തിൽ കിമ്മിച്ചിനെ ടീമിലെത്തിക്കാൻ തീരുമാനമില്ല. നേരത്തെ സെർജിയോ ബുസ്‌കെറ്റ്‌സ് ക്ലബ് വിട്ടപ്പോൾ കിമ്മിച്ചിനെ ടീമിലെത്തിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മധ്യനിരയിൽ ബാഴ്‌സക്ക് മികച്ച താരങ്ങളുണ്ട്’ ലെപ്പോർട്ട വ്യക്തമാക്കി. ക്രിസ്റ്റ്യൻസൻ, കസാഡോ തുടങ്ങി താരങ്ങൾ ഞങ്ങൾക്കുണ്ട്. ഇവരിൽ ഏറ്റവും മികച്ച വിശ്വാസമാണ് ടീമിനുള്ളത്. അതിനാൽ ഇപ്പോൾ ഇത്തരത്തിലൊരു നീക്കത്തെ കുറിച്ച ആലോചിച്ചിട്ടില്ല’ ലെപ്പോർട്ട കൂട്ടിച്ചേർത്തു.
പുതിയ പരിശീലകൻ ഹാൻസി ഫ്ലിക് ടീമിലെത്തിയതിന് പിന്നാലെയാണ് കിമ്മിച്ച് ബാഴ്‌സയിലെത്തുമെന്ന അഭ്യൂഹം പരന്നത്. 2015 മുതൽ ബയേൺ മ്യൂണിക്കിന്റെ മധ്യനിരയിലെ പ്രധാനിയാണ് കിമ്മിച്ച്. ബയേണിനായി 262 മത്സരത്തിൽ ബൂട്ടുകെട്ടിയ താരം 26 ഗോളുകളും സ്വന്തം പേരിൽ എഴുതിച്ചേർത്തിട്ടുണ്ട്.
അടുത്തിടെയായിരുന്നു ബാഴ്‌സ പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ ടീമിലെത്തിച്ചത്. അവസാന സീസണിൽ കാര്യമായ നേട്ടം സ്വന്തമാക്കൻ കഴിയാതിരുന്നതോടെ സാവിയെ പുറത്താക്കിയായിരുന്നു ഫ്ലിക്കിനെ പരിശീലകനായി നിയമിച്ചത്.