78മത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന ചടങ്ങിൽ കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാനായിരുന്നു ടീമിനെ പ്രഖ്യാപിച്ചത്. നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ 15 അംഗ പുതമുഖങ്ങൾ ഉൾപ്പെടെ 22 അംഗ ടീമിനെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആലുവ അശോകപുരം സ്വദേശിയും കേരള പൊലിസ് ടീം അംഗവുമായ ജി.സഞ്ജുവാണ് നായകൻ. പാലക്കാട് കോട്ടപ്പാടം സ്വദേശിയും ഫോഴ്‌സ കൊച്ചി താരവുമായ എസ്. ഹജ്മലാണ് വൈസ് ക്യാപ്റ്റൻ. സൂപ്പർ ലീഗ് കേരളയിൽ മികച്ച പ്രകടനം നടത്തിയ 17 വയസുള്ള മുഹമ്മദ് റിഷാദ് ഗഫൂറാണ് ടീമിലെ പ്രായം കുറഞ്ഞതാരം. ഏഴ് പേർ നേരത്തെ സന്തോഷ് ട്രോഫി കളിച്ചതിന്റെ പരിചയവുമായാണ് ഗ്രൗണ്ടിലിറങ്ങുന്നത്. ബിബി തോമസ് മുട്ടത്ത് മുഖ്യപരിശീലകനും സി.ഹാരി ബെന്നി സഹപരിശീലകനുമാണ്. എം.വി നെൽസൺ ഗോൾകീപ്പർമാരെ പരിശീലിപ്പിക്കും. അഷ്‌റഫ് ഉപ്പളയാണ് ടീം മാനേജർ. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ചുപേർ വീതവും കോഴിക്കോട് നിന്ന് നാലുപേരും തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരും എറണാകുളത്ത് നിന്ന് ഒരാളും തൃശൂർ, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്ന് ഒരാൾ വീതവുമാണ് ഇത്തവണ ടീമിലുള്ളത്. ലക്ഷദ്വീപ്, പോണ്ടിച്ചേരി, റെയിൽവെയ്‌സ് ടീമുകൾ ഉൾപ്പെട്ട എച്ച് ഗ്രൂപ്പിലാണ് കേരളം. 20ന് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ പോണ്ടിച്ചേരിക്കെതിരേ കേരളം ആദ്യ മത്സരത്തിനിറങ്ങും. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും കേരളം ഏറ്റുമുട്ടും. അംഗങ്ങളുടെ ശരാശരി പ്രായം 22.5 ആണെന്നത് ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തൽ. കേരളത്തിന് പുറമേ പഞ്ചാബ്, പശ്ചിമബംഗാൾ, ത്രിപുര, ആസാം, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഗ്രൂപ്പ് യോഗ്യതാമത്സരങ്ങൾ ൻടക്കുന്നത്. 57 വർഷത്തിന് ശേഷമാണ് ഹൈദരാബാദ് ദേശീയ പുരുഷ സീനിയർ ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയ്ക്ക് വേദിയാകുന്നത്.
സന്തോഷ് ട്രോഫി ടീം
ഗോൾകീപ്പർമാർ: എസ്.ഹജ്മൽ (പാലക്കാട്), കെ.മുഹമ്മദ് അസ്ഹർ (മലപ്പുറം), കെ.മുഹമ്മദ് നിയാസ് (പാലക്കാട്).
ഡിഫൻഡർമാർ: മുഹമ്മദ് അസ്‌ലം (വയനാട്), ജോസഫ് ജസ്റ്റിൻ(എറണാകുളം), ആദിൽ അമൽ(മലപ്പുറം), എം.മനോജ് (തിരുവനന്തപുരം), പി.ടി മുഹമ്മദ്, റിയാസ് (പാലക്കാട്), ജി.സഞ്ജു (എറണാകുളം), മുഹമ്മദ് മുഷറഫ്(കണ്ണൂർ).
മീഡ്ഫീൽഡർമാർ: ക്രിസ്റ്റി ഡേവിസ് (തൃശൂർ), മുഹമ്മദ് അഷ്‌റഫ്(മലപ്പുറം), പി.പി മുഹമ്മദ് റോഷൽ(കോഴിക്കോട്), നസീബ് റഹ്മാൻ(പാലക്കാട്), സൽമാൻ കള്ളിയത്ത് (മലപ്പുറം), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ഗഫൂർ(മലപ്പുറം). മുന്നേറ്റനിര: ടി.ഷിജിൻ(തിരുവനന്തപുരം), ഇ.സജീഷ്(പാലക്കാട്), മുഹമ്മദ് അജ്‌സൽ(കോഴിക്കോട്), വി.അർജുൻ(കോഴിക്കോട്) , ഗനി നിഗം(കോഴിക്കോട്).