കേരളത്തിലെ കുട്ടിക്രിക്കറ്റായ കേരള ക്രിക്കറ്റ് ലീഗ് ഇന്ന് പിറവികൊള്ളും. സെപ്റ്റംബർ രണ്ടു മുതൽ 18 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സ്‌പോർട്‌സ് ഹബ്ബിലാണ് ടി20 മത്സരങ്ങൾ നടക്കുക. ഉച്ചക്ക് 12ന് ഹയാത്ത് റിജൻസിയിൽ കെ.സി.എൽ ബ്രാൻഡ് അംബാസിഡർ മോഹൻലാലാണ് ലോഞ്ചിങ് നിർവഹിക്കുക. ഉച്ചകഴിഞ്ഞ് 2.45നും വൈകിട്ട് 6.45നുമാണ് മൽസരങ്ങൾ.
പ്രവേശനം സൗജന്യമാണ്. മറ്റു ലീഗുകളിലൂടെ പതിനഞ്ചു കളിക്കാർക്ക് മാത്രമാണ് അവസരമൊരുക്കുന്നതെങ്കിൽ കേരള ക്രിക്കറ്റ് ലീഗിലൂടെ കേരളത്തിലെ 113 ക്രിക്കറ്റ് കളിക്കാർക്ക് വലിയ അവസരമാണ് ലഭിക്കുക. ഇതിന്റെ മുന്നോടിയായി സംസ്ഥാനത്തെ ആറു ടീമുകളുടേയും ക്യാപ്റ്റൻമാർ സംഗമിച്ചു. ബേസിൽ തമ്പി (കൊച്ചി ബ്ലൂടൈഗേഴ്‌സ്), മുഹമ്മദ് അസറുദ്ദീൻ (ആലപ്പി റിപ്പിൾസ്),
സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്), റോഹൻ എസ്. കുന്നുമ്മേൽ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്), വരുൺ നായനാർ (തൃശൂർ ടൈറ്റൻസ്), അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്) എന്നിവരാണ് ഇന്നലെ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ സംഗമിച്ചത്. കേരളത്തിന്റെ പരിശീലകനായിരുന്ന പി ബാലചന്ദ്രനാണ് തിരുവനന്തപുരം ടീമിനെ പരിശീലിപ്പിക്കുന്നത്. വിലകൂടിയ താരമായ ഓൾറൗണ്ടർ എം.എസ് അഖിലാണ് പ്രധാനി.
7.4 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിയത്. രോഹൻ പ്രേമും ടീമിലുണ്ട്. കാലിക്കറ്റ് ടീമിന്റെ പരിശീലനച്ചുമതല ഫിറോസ് വി റഷീദിനാണ്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് പ്രധാന കളിക്കാരൻ. സൽമാൻ നിസാറിനെ ഏഴുലക്ഷം രൂപയ്ക്ക് ടീമിലെടുത്തിട്ടുണ്ട്. സുനിൽ ഒയാസിസാണ് തൃശൂരിന്റെ കോച്ച്. വിക്കറ്റ് കീപ്പർ വരുൺ നായനാരെ 7.2 ലക്ഷം രൂപ നൽകിയാണ് ടീമിലെത്തിച്ചത്.
കൊച്ചിയുടെ കോച്ച് സെബാസ്റ്റ്യൻ ആന്റണിയാണ്. സിജോമോൻ ജോസഫും ആനന്ദ് കൃഷ്ണനും ടീമിലുണ്ട്. മനു കൃഷ്ണനെ ഏഴുലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. കൊല്ലം ടീമിന്റെ പരിശീലനച്ചുമതല വി.എ ജഗദീഷിനാണ്. പ്രശാന്ത് പരമേശ്വരൻ പരിശീലിപ്പിക്കുന്ന ആലപ്പുഴ ടീമിൽ മുഹമ്മദ് അസറുദീനും അക്ഷയ് ചന്ദ്രനും പ്രധാന കളിക്കാരാണ്. രണ്ടിന് ഉച്ചക്ക് 2.30ന് ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യമത്സരം.
രണ്ടാമത്തേത് രാത്രി 7.45ന് ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിൽ നടക്കും. 17ന് സെമിയും 18ന് വൈകിട്ട് 6.45ന് ഫൈനലും നടക്കും. സ്റ്റാർ സ്‌പോർട്‌സ്1, ഫാൻകോഡ് എന്നിവയിലൂടെ മത്സരം തത്സമയം കാണാം. കളി ചൂടുപിടിക്കുമ്പോൾ ആവേശവും അതിരുകടക്കും.