പുതിയ സീസൺ ഐലീഗിന് ഒരുങ്ങുന്നതിനായി ഫ്രഞ്ച് താരത്തെ ടീമിലെത്തിച്ച് ഗോകുലം കേരള.ഫ്രഞ്ച് സ്‌ട്രൈക്കറായ ജോറിസ് കൊറിയയെയാണ് മലബാറിയൻസ് ടീമിലെത്തിച്ചത്. ഫ്രാൻസിന്റെ ലീഗ് 2, ചാംപ്യനാറ്റ് നാഷനൽ എന്നീ ടൂർണമെന്റുകളിൽ കളിച്ച കൊറിയ യൂറോപ്യൻ ഫുട്‌ബോളിൽ നിന്ന് നേടിയ അനുഭവസമ്പത്തുമായാണ് ഗോകുലത്തിലെത്തുന്നത്.
താരമെത്തുന്നതോടെ ഗോകുലം കേരളയുടെ മുന്നേറ്റനിരക്ക് കരുക്ക് കൈവരുമെന്നാണ് പ്രതീക്ഷ. ‘മികച്ച നിലവാരവും ചലനാത്മകതയുമുള്ള സ്‌ട്രൈക്കറാണ് ജോറിസ്. വിവിധ ലീഗ് തലങ്ങളിൽ അദ്ദേഹത്തിന് വലിയ അനുഭവമുണ്ട്. അടുത്ത വർഷം ഐ.എസ്.എല്ലിൽ മത്സരിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നതിനാൽ ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് മികച്ച പ്രകടനം ആവശ്യമാണ്, ഗോകുലം കേരള മുഖ്യ പരിശീലകൻ അന്റോണിയോ റുയേഡ പറഞ്ഞു.
‘ഐലീഗിലെ മറ്റൊരു മത്സര സീസണിനായി ഞങ്ങൾ തയ്യാറെടുക്കുമ്പോൾ, സീസണിലും അതിനുശേഷവും ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ജോറിസ് കൊറിയയുടെ കഴിവുകളും അനുഭവപരിചയവും പ്രധാനമാണ്,’ ഗോകുലം കേരള എഫ്‌സി പ്രസിഡന്റ് വി.സി പ്രവീൺ വ്യക്തമാക്കി.