മോഹൻ ബഗാനും നോർത്ത് ഈസ്റ്റും ഏറ്റുമുട്ടും
ഡ്യൂറൻഡ് കപ്പിന്റെ കിരീടപ്പോരാട്ടം ഇന്ന് നടക്കും. വൈകിട്ട് 5:30ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. കിരീടത്തിനായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് കളത്തിലിറങ്ങുന്നത്. 17 തവണ ഡ്യൂറണ്ട് കപ്പിൽ മുത്തമിട്ട മോഹൻ ബഗാൻ ഇന്ന് അനായാസം നോർത്ത് ഈസ്റ്റിനെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്തായിരുന്നു ബഗാൻ ഫൈനൽ പോരാട്ടത്തിന് സീറ്റുറപ്പിച്ചത്. സെമിയിൽ പഞ്ചാബ് എഫ്.സിക്കെതിരേ നടന്ന പോരാട്ടത്തിൽ പെനാൽറ്റിയിലായിരുന്നു ബഗാൻ ജയം. ജേസൺ കമ്മിംഗ്‌സ്, ദിമിത്രി പെട്രാറ്റോസ്, ലിസ്റ്റൺ കൊളാക്കോ, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ് എന്നിവരടങ്ങുന്ന ടീം കളത്തിലിറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും കൊൽക്കത്തൻ വമ്പൻമാർ പ്രതീക്ഷിക്കുന്നില്ല.
അതേസമയം ആദ്യമായി ഡ്യൂറണ്ട് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ച നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ മികവ് കാട്ടിയ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് സെമിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഷില്ലോങ് ലജോങ്ങിനെ തോൽപിച്ചാണ് എത്തുന്നത്. ഇരു ടീമുകളും മികച്ചവരായതിനാൽ കൊൽക്കത്തയിൽ ഇന്ന് ഡ്യൂറണ്ട് കപ്പ് കിരീടത്തിനായി തീ പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം. മുന്നേറ്റനിരയിലെ മലയാളി സാന്നിധ്യം എം.എസ് ജിതിൻ, ഗോൾ കീപ്പർ മിർഷാദ് എന്നിവരും നോർത്ത് ഈസ്റ്റിന് കരുത്ത് പകരാൻ ടീമിനൊപ്പമുണ്ട്.