കേരള ക്രിക്കറ്റ് ലീഗില്‍ ഫൈനലില്‍ പ്രവേശിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. ഇന്ന് നടന്ന ആദ്യ സെമിയില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ അഞ്ചിന് 173 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന്റെ പോരാട്ടം ഏഴിന് 155ല്‍ അവസാനിച്ചു.
ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ അഖില്‍ സ്കറിയയുടെ പ്രകടനമാണ് കാലിക്കറ്റിന് ജയം സമ്മാനിച്ചത്. ബാറ്റിങ്ങില്‍ 43 പന്തില്‍ 55 റണ്‍സെടുത്ത അഖില്‍ സ്കറിയ പന്തെടുത്തപ്പോള്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി. കാലിക്കറ്റിനായി ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലും അര്‍ധ സെഞ്ചുറി നേടി. 34 പന്തില്‍ 64 റണ്‍സാണ് രോഹന് സ്വന്തമാക്കിയത്.
മറുപടിക്കിറങ്ങിയ ട്രിവാന്‍ഡ്രത്തിനായി റിയ ബഷീറും ഗോവിന്ദ് പൈയും അര്‍ധ സെഞ്ചുറി നേടിയെങ്കിലും മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. റിയ ബഷീര്‍ 40 പന്തില്‍ 69 റണ്‍സെടുത്തപ്പോള്‍ ഗോവിന്ദ് പൈ 54 പന്തില്‍ 68 റണ്‍സുമെടുത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 136 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ റിയ ബഷീറിനെ പുറത്താക്കി അഖില്‍ സ്കറിയ ഈ കൂട്ട്കെട്ട് പൊളിച്ചു. ഇതിനു പിറകെ ഒന്നൊന്നായി ട്രിവാന്‍ഡ്രം വിക്കറ്റുകള്‍ പൊഴിയുകയായിരുന്നു.