ചൈനയെ 1-0ന് തോൽപ്പിച്ചു
തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്നലെ ചൈനയിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ചൈനയെ 1-0ന് തോൽപ്പിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം കിരീടം നേടിയത്. ടൂർണമെന്റിലുടനീളം മിന്നുന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യ ഇന്നലെയും മികച്ച ഫോമിലായിരുന്നു. ദക്ഷിണ കൊറിയയെ 41ന് തോൽപ്പിച്ചായിരുന്നു ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.
ഫൈനലിലും അതേ പ്രകടനം ആവർക്കാൻ ഇന്ത്യ മറന്നില്ല. 51ാം മിനുട്ടിൽ ജുഗ്‌രാജ് സിങ്ങാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. ഇന്ത്യൻ ഹോക്കി ടീം അഞ്ചാം തവണയാണ് ഏഷ്യൻ ചാംപ്യൻസ് ട്രോഫി സ്വന്തമാക്കുന്നത്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി അഞ്ച് മത്സരങ്ങളും വിജയിച്ച് കിരീടപ്പോരാട്ടത്തിനെത്തിയ ഇന്ത്യൻ ടീമിന് അവസാന മത്സരത്തിൽ വേഗമേറിയ തുടക്കമായിരുന്നു. ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യക്ക് ഗോൾ നേടാനുള്ള സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും പലപ്പോഴും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയാവുകയായിരുന്നു. രണ്ടാം ക്വാർട്ടർ തീർന്നപ്പോഴേക്കും ഇന്ത്യ അഞ്ച് പെനാൽറ്റി കോർണറുകൾ ലഭിച്ചു. എന്നാൽ അതിൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
മൂന്നാം ക്വാർട്ടറിലും ആദ്യ ഗോളിനായി ഇന്ത്യ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ പല നീക്കങ്ങളും ചൈനയുടെ പ്രതിരോധത്തിൽ തട്ടി പാളി. ഈ സമയത്ത് സർവശക്തിയുമെത്ത് ചൈനയും പൊരുതിക്കൊണ്ടിരുന്നു. പിന്നീട് 51ാം മിനുട്ടിൽ മികച്ചൊരു ഫീൽഡ് ഗോളിലൂടെ ജുഗ്‌രാജ് സിങ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നു. ഒരു ഗോൾ നേടിയതോടെ ഇന്ത്യ പ്രതിരോധത്തിലൂന്നിയ മത്സരമായിരുന്നു പുറത്തെടുത്തത്. ഒരു ഗോൾ ലീഡ് നേടിയതോടെ അതിൽ പിടിച്ചു രക്ഷപ്പെടാനായിരുന്നു ഇന്ത്യയുടെ തീരുമാനം. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇന്ത്യ വിജയശ്രീലാളിതരായി മടങ്ങി.