ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ മുന്‍ലോകകപ്പ് താരം കേദാര്‍ ജാദവ്. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ മാതൃകയിലാണ് ജാദവും വിരമിക്കല്‍ തീരുമാനം പുറത്തെത്തിച്ചത്. ധോണിയുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തുന്ന താരം കൂടിയാണ് ജാദവ്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായും ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്
‘നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഇന്ത്യന്‍ സമയം 3 മണി- താന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി കണക്കാക്കപ്പെടും.’ ജാദവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പശ്ചാതലത്തില്‍ വിഖ്യാത ഗായകന്‍ കിഷോര്‍ കുമാറിന്റെ സിന്ദഗി കെ സഫര്‍ എന്ന ഗാനവും ചേര്‍ത്തിട്ടുണ്ട്.
https://www.instagram.com/reel/C7v5VdbNETR/?igsh=MWpuYm80ODRjZWMzdg==
2020 ഓഗസ്റ്റ് 15നായിരുന്നു ഇതേ വാക്കുകളുമായി ധോണി ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ‘നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്ന് 19:29 മുതല്‍ ഞാന്‍ വിരമിച്ചതായി ആയി കണക്കാക്കണം’ എന്നായിരുന്നു ധോണിതന്റെ പ്രിയപ്പെട്ട ഗാനമായ ‘മേം പല്‍ ദോ പല്‍ കാ ഷായര്‍ ഹൂന്‍’ പശ്ചാത്തലത്തില്‍ കരിയറിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ധോണി അന്ന് കുറിച്ചത്.
2014-2020 കാലയളവിലാണ് കേദാര്‍ ജാദവ് ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ധോണിക്ക് കീഴിലായിരുന്നും നീലക്കുപ്പായത്തില്‍ ജാദവിന്റെ വളര്‍ച്ച. ഇന്ത്യക്കായി 73 ഏകദിനങ്ങളിലും ഒമ്പത് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള കേദാര്‍ ജാദവ് 2019ലെ ഏകദിന ലോകകപ്പ് സ്‌ക്വാഡിലും ഇടം നേടി. മധ്യനിര ബാറ്ററായും ഫിനിഷറായും ടീമില്‍ നിലകൊണ്ട ജാദവ് അവശ്യ ഘട്ടങ്ങളില്‍ ക്യാപ്റ്റന്‍മാര്‍ക്ക് ആശ്രയിക്കാവുന്ന സ്ലോ ഓഫ് സ്പിന്നറും ഒരു വിക്കറ്റ് കീപ്പറും കൂടെയായിരുന്നു ജാദവ്.
ഏകദിനത്തില്‍ 73 മത്സരങ്ങളില്‍ നിന്ന് 1389 റണ്‍സും ട്വന്റി 20യില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 122 റണ്‍സും താരം നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ 27 വിക്കറ്റുകളും ജാദവ് സ്വന്തമാക്കി.