ജാവോ ഫെലിക്‌സ് ചെൽസിയുമായി കരാറിലൊപ്പിട്ടതായി ക്ലബ് സ്ഥിരീകരിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ആറു വർഷത്തെ കരാറിലാണ് താരം ചെൽസിയിലെത്തുന്നതെന്ന് ദ അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു. ഇതേടെ ഒമാരി കെല്ലിമൻ, ടോസിൻ അഡരാബിയോയോ, മാർക്ക് ഗ്യൂ, കിർനാൻ ഡ്യൂസ്ബറി-ഹാൾ, റെനാറ്റോ വിയേഗ, കാലേബ് വൈലി, പെഡ്രോ നെറ്റോ എന്നിവർക്കൊപ്പം ഈ സീസണിൽ സ്റ്റാംഫോർഡ് ബ്രിജ്‌ലെത്തുന്ന പുതിയ താരമായി ഫെലിക്‌സ്.
2023ൽ ഫെലിക്‌സ് ചെൽസിക്കായി ലോണടിസ്ഥാനത്തിൽ കളിച്ചിരുന്നു. അന്ന് ചെൽസിക്കായി 16 മത്സരം കളിച്ച താരം ആറു ഗോളുകളും ബ്ലൂസിനായി നേടിയിരുന്നു. പിന്നീടായിരുന്നു ലോണിൽ ബാഴ്‌സലോണയിലേക്ക് പോയത്. അവിടെ ഒരു സീസണിൽ 30 മത്സരം കളിച്ച ഫെലിക്‌സ് ഏഴു ഗോളുകളും നേടിയിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയുമായി സ്വരച്ചേർച്ചയില്ലാത്തത് കാരണമായിരുന്നു ഫെലിക്‌സ് കാറ്റാലൻ ക്ലബിലേക്ക് കൂടുമാറിയത്.
44.5 മില്യൻ യൂറോ നൽകിയാണ് ഫെലിക്‌സിനെ ചെൽസി വീണ്ടും സ്വന്തം തട്ടകത്തിലെത്തിക്കുന്നത്. ‘ചെൽസിയിൽ തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, ഇവിടെ കളിക്കാൻ എനിക്ക് കാത്തിരിക്കാനാകുന്നില്ല. കഴിഞ്ഞ തവണ ഞാൻ ഇവിടെ ഉണ്ടായിരുന്നതിൽ നിന്ന് പരിചിതമായ ചില മുഖങ്ങൾ എനിക്ക് കാണാൻ കഴിയും, നേരത്തെ ഞാൻ ഇവിടെയുള്ള സമയം ഇഷ്ടപ്പെട്ടിരുന്നു, ഒരു ദിവസം പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ എന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഞാൻ പറഞ്ഞിരുന്നു.
ചെൽസിയിലേക്ക് തിരിച്ചു വന്നതിൽ അതിയായ സന്തോഷമുണ്ട്” ഫെലിക്‌സ് വ്യക്തമാക്കി.