ഒക്‌ടോബർ മൂന്നിന് ആരംഭിക്കുന്ന വനിതാ ടി20 ലോകകപ്പ് ബംഗ്ലാദേശിൽ നിന്ന് യു.എ.ഇയിലേക്ക് മാറ്റാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. ഐ.സി.സിയുടെ പുതിയ തീരുമാന പ്രകാരം പത്ത് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ദുബായ്, ഷാർജ എന്നിവിടങ്ങളിലായി നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ബംഗ്ലാദേശിൽ ഉടലെടുത്ത ആഭ്യന്തര പ്രശ്‌നങ്ങളാണ് വനിതാ ടി20 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ബംഗ്ലാദേശിനെ മാറ്റാനുള്ള കാരണമായി ഐ.സി.സി ചൂണ്ടിക്കാണിക്കുന്നത്.
ടൂർണമെന്റ് യു.എ.ഇയിലേക്ക് മാറ്റാനുള്ള ഐ.സി.സിയുടെ തീരുമാനത്തോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും (ബി.സി.ബി) അനുകൂല നിലപാട് അറിയിച്ചു, എന്നിരുന്നാലും ഇവന്റിന്റെ ഔദ്യോഗിക ആതിഥേയരായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെ തുടരും. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ബംഗ്ലാദേശ് സർക്കാർ യു.എൻ വഴി അന്തിമ ശ്രമം നടത്തിയെങ്കിലും ആസ്‌ത്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സർക്കാരുകൾ ബംഗ്ലാദേശിലേക്കുള്ള യാത്രയിലെ അപകടത്തെ മുൻ നിർത്തി യാത്രാ അനുമതി നൽക്കാൻ വിസമതിക്കുന്നത് ബംഗ്ലാദേശിന് തിരിച്ചടിയായി.
ബംഗ്ലാദേശിലെ അവസ്ഥകൾ ഐ.സി.സി വിലയിരുത്തുന്നതിനിടയിൽ, വനിതാ ടി20 ലോകകപ്പിനുള്ള ആതിഥേയരിൽ ഒന്നായി ഇന്ത്യയുടെ പേരും ഉയർന്നുവന്നിരുന്നു. എന്നാൽ ഐ.സി.സിയുടെ ഓഫറിനോട് ബി.സി.സി.ഐ താൽപര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്ന് യു.എ.ഇയിലേക്ക് ലോകകപ്പ് മാറ്റുകയായിരുന്നു.അടുത്ത വർഷത്തെ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതിനാലാണ് ഇന്ത്യ വനിതാ ടി20 ലോകകപ്പ് വേദി എറ്റെടുക്കാതിരുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷ വ്യക്തമാക്കി.
സിംബാബ്‌വെയും ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, യു.എ.ഇയിലെ അനുകൂല കാലാവസ്ഥയും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും കാരണം യു.എ.ഇയെ ഐ.സി.സി തെരഞ്ഞെടുക്കുകയായിരുന്നു