ഐ.എസ്.എല്ലിൽ ആദ്യ ജയം സ്വന്തമാക്കി ചെന്നൈയിൻ എഫ്.സി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഒഡിഷ എഫ്.സിയെയാണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയായിരുന്നു ആദ്യ ഗോൾ നേടിയതെങ്കിലും പിന്നീട് മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ചെന്നൈയിൻ തിരിച്ചുവരുകയായിരുന്നു. ഒൻപതാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഡിയഗോ മൗറീസിയോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ഒഡിഷയായിരുന്നെങ്കിലും മത്സരഫലം അനുകൂലമാക്കാൻ അവർക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ഒഡിഷ ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 48ാം മിനുട്ടിൽ ഫറൂഖ് ചൗധരിയായിരുന്നു ചെന്നൈയിനായി ആദ്യ ഗോൾ നേടിയത്. ഇതോടെ മത്സരം സമനിലയിലായി. ഒരു ഗോൾ മടക്കിയതോടെ ആത്മവിശ്വാസം വർധിച്ച ചെന്നൈയിൻ അധികം വൈകാതെ രണ്ടാം ഗോളും നേടി മത്സരത്തിലേക്ക് തിരിച്ചു വന്നു.
ഫറൂഖ് ചൗധരി തന്നെയായിരുന്നു രണ്ടാം ഗോളും നേടിയത്. ഗോൾ മടക്കാൻ ഒഡിഷ മുന്നേറ്റം ശക്തമാക്കിയെങ്കിലും ചെന്നൈയിൻ പ്രതിരോധം ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ചോതോടെ ഒഡിഷയുടെ ഓരോ ഗോൾ ശ്രമങ്ങളും പാഴായി. ഒഡിഷ സമനിലക്കായി ശ്രമിക്കുന്നതിനിടെ ചെന്നൈയിൻ മൂന്നാം ഗോളും നേടി ജയ സൂചന നൽകി. എന്നാൽ മത്സരത്തിന്റെ 95ാം മിനുട്ടിൽ ഒരു ഗോൾ തിരിച്ചടിച്ച ഒഡിഷ തോൽവിയുടെ ആഘാതം കുറച്ചു.
റോയ് കൃഷ്ണയായിരുന്നു ഒഡിഷക്കായി രണ്ടാം ഗോൾ നേടിയത്. 40 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച ചെന്നൈയിൻ 23 ഷോട്ടുകളായിരുന്നു ഒഡിഷയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.