ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ ദിനത്തില്‍ കൊച്ചിയിൽ
ഇന്ത്യന്‍ സൂപ്പര്‍ലീഗ് പതിനൊന്നാം സീസണിന്റെ ഫിക്‌സ്ചര്‍ പുറത്ത്. രണ്ട് പാദങ്ങളായി നടത്തുന്ന മത്സരങ്ങളുടെ ആദ്യപാദ മത്സര ക്രമമാണ് പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലാണ് ഇത്തവണ ഉദ്ഘാടനം മത്സരം. സെപ്റ്റംബര്‍ 13ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് മുംബൈ സിറ്റി എഫ്.സിയെ നേരിടും. സെപ്റ്റംബര്‍ 15ന് തിരുവോണ ദിനത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. എല്ലാ ദിവസവും വൈകിട്ട് 7.30നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യപാദത്തില്‍ ആകെ 84 മത്സരങ്ങളാണുള്ളത്. സെപ്റ്റംബറില്‍ 18മത്സരങ്ങളും, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 20 വീതവും, ഡിസംബറില്‍ 26 മത്സരങ്ങളുമാണുള്ളത്.
ആദ്യ പാദത്തില്‍ ഏഴ് ഹോം മാച്ചുകളും, ഏഴ് എവേ മാച്ചുകളും ഉള്‍പ്പെടെ 14 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. സെപ്റ്റംബര്‍ 22, ഒക്ടോബര്‍ 26, നവംബര്‍ ഏഴ്, 24, 28, ഡിസംബര്‍ ഏഴ് എന്നീ ദിവസങ്ങളിലാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ മത്സരങ്ങള്‍. സെപ്റ്റംബര്‍ 22ന് ഈസ്റ്റ് ബംഗാള്‍ എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഒക്ടോബര്‍ 25ന് ബംഗളൂരു എഫ്.സി, നംവബര്‍ എഴിന് ഹൈദരാബാദ് എഫ്.സി, 24ന് ചെന്നയിന്‍ എഫ്.സി, 28ന് ഗോവ എഫ്.സി, ഡിസംബര്‍ 22ന് മുഹമ്മദൻസ് എഫ്.സി എന്നിവരുമായാണ് ബാസ്റ്റേഴ്‌സ് ഏറ്റുമുട്ടുന്നത്.
സെപ്റ്റംബര്‍ 29ന് ഗുവാഹാത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം. ഒക്ടോബര്‍ മൂന്നിന് ഒഡീഷ, ഒക്ടോബര്‍ 20ന് മൊഹമ്മദന്‍സ്, നവംബര്‍ മൂന്നിന് മുംബൈ സിറ്റി എഫ്.സി, ഡിസംബര്‍ ഏഴിന് ബംഗലൂരു എഫ്.സി, 14ന് മോഹന്‍ബഗാന്‍ സുപ്പര്‍ ജയിന്റ്, 29ന് ജംഷഡ്പൂര്‍ എഫ്.സി എന്നീ ടീമുകള്‍ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എവേ മത്സരങ്ങള്‍.