ഏറെ നേരത്തെ ആശങ്കകൾക്കും പ്രാർഥനകൾക്കുമൊടുവിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. ഒളിംപിക്‌സിൽ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്.
സെമിയിൽ ക്യൂബൻ താരത്തെ തോൽപിച്ച് ഫൈനലിൽ പ്രവേശിച്ച ഫോഗട്ട് സ്വർണമോ വെള്ളിയോ ഉറപ്പിച്ചതായിരുന്നു. എന്നാൽ ഫൈനലിന് മുന്നോടിയായി നടത്തിയ ഭാര പരിശോധനയിൽ 100 ഗ്രാം കൂടിതയതിനെ തുടർന്നായിരുന്നു ഫോഗട്ടിനെ അയോഗ്യയാക്കി പ്രഖ്യാപിച്ചത്.
തുടർന്നായിരുന്നു ഫോഗട്ടിന്റെയും ഇന്ത്യയുടെയും മെഡൽ മോഹം പൊലിഞ്ഞത്. ” എന്നോട് ക്ഷമിക്കൂ, എന്റെ സ്വപ്‌നങ്ങളെല്ലാം തകർന്നു, ഇനി പൊരുതുവാനുള്ള കരുത്തില്ല” ഫോഗട്ട് എക്‌സിൽ കുറിച്ചു. പിന്തുണച്ച എല്ലാവർക്കും നന്ദി, ഗുസ്തിയോട് വിട എന്നായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഫോഗട്ട് എക്‌സിൽ കുറിച്ചത്.
ഗുസ്തിയിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരായിരുന്നു ഫോഗട്ടിന് പിന്തുണയുമായി രംഗത്തെത്തിയത്. രാഷ്ടപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവരുൾപ്പെടെ കായിക ലോകത്തെ പ്രമുഖരെല്ലാം ഫോഗട്ടിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.