11 വര്‍ഷമായി കിട്ടാക്കനിയായ ഐ.സി.സി കിരീടം തേടിയുള്ള ടീം ഇന്ത്യയുടെ പുതിയ യാത്രയ്ക്ക് ഇന്ന് തുടക്കം. ഒന്‍പതാമത് ഐ.സി.സി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് അയര്‍ലന്‍ഡാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം.
ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. എന്നാല്‍ പല വമ്പന്മാരെയും അട്ടിമറിച്ചു പരിചയമുള്ള അയര്‍ലന്‍ഡിനെ നിസാരക്കാരായി കാണാനും രോഹിതും സംഘവും ഒരുക്കമല്ല. നാസൗ കൗണ്ടിയില്‍ ബംഗ്ലാദേശിനെതിരായ സന്നാഹമത്സരം കളിച്ച പരിചയസമ്പത്ത് മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ടൂര്‍ണമെന്റിലുടനീളം പിച്ചുകള്‍ ബാറ്റര്‍മാക്ക് പണി കൊടുക്കുന്നതിനാല്‍ മത്സരത്തെ ജാഗ്രതയോടെ കണ്ടില്ലെങ്കില്‍ ടീം ഇന്ത്യക്കും പണികിട്ടുമെന്നുറപ്പ്.
പ്ലെയിങ് ഇലവനെ കുറിച്ചുള്ള അന്തിമ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോഹ്ലി തന്നെ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. അവസാന നിമിഷം ഇടംകൈയനായ യശസ്വി ജയ്‌സ്വാളിന് അവസരം കൊടുക്കുമോയെന്നും കണ്ടറിയണം. അങ്ങനെയാണെങ്കില്‍ കോഹ്ലി മൂന്നാം നമ്പറില്‍ വരും. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാകും മധ്യനിര. ജയ്‌സ്വാളിന് അവസരം കൊടുത്തില്ലെങ്കില്‍ ശിവം ദുബെയും മധ്യനിരയിലുണ്ടാകും.
രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും സ്പിന്‍ ത്രയം. ജസ്പ്രിത് ബുംറ, അര്‍ഷദീപ് സിങ്ങും പേസ് നിരയിലെത്തും.
ലോകകപ്പില്‍ പാകിസ്താനടങ്ങുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. അയര്‍ലന്‍ഡ്, അമേരിക്ക, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഒന്‍പതിനാണ് ടൂര്‍ണമെന്റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക് പോര് അരങ്ങേറുന്നത്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.