ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെതിരെ ബൂട്ട് കെട്ടും. ഇന്ത്യൻ സമയം രാത്രി 9.15 മുതൽ ദോഹയിലാണ് ഇന്ത്യയുടെ ജീവന്മരണ പോരാട്ടം.
ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെ ജയിച്ചാൽ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാം. ഒപ്പം ഏഷ്യൻ കപ്പിലേക്ക് പ്രവേശനം ഉറപ്പിക്കുകയും ചെയ്യാം. സമനിലയാണ് ഫലമെങ്കിൽ അഫ്ഗാനിസ്ഥാൻ കുവൈത്ത് മത്സരവും സമനിലയിലാകണം. തോറ്റാൽ ലോകകപ്പ് യോഗ്യതാ പോരാട്ടം അവസാനിക്കും. രാത്രി 11.15നാണ് കുവൈറ്റ് – അഫ്ഗാൻ പോരാട്ടം.
സുനിൽ ഛേത്രി കളമൊഴിഞ്ഞതിന് ശേഷമുള്ള ആദ്യ മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഖത്തറിനെതിരെ ഇന്ത്യയെ നയിക്കുക.
അതേ സമയം ലോകകപ്പ് യോഗ്യത റൗണ്ടിൽ അപരാജിത മുന്നേറ്റം തുടരുന്ന ഖത്തർ പുതുമുഖങ്ങളുമായാണെത്തുന്നത്. അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം പിടിച്ച മലയാളി താരം തഹ്‌സിൻ മുഹമ്മദ് ഇന്ത്യക്കെതിരെയും കളത്തിലിറങ്ങുമോ എന്നാണ് മലയാളി ആരാധകർ ഉറ്റു നോക്കുന്നത്.. ഇരു ടീമുകളും ഇതുവരെ നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയം ഖത്തറിനായിരുന്നു. ഒരു മത്സരം സമനിലയായി.