ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മഴ മുടക്കിയപ്പോൾ രണ്ടാം ദിനവും എങ്ങനെയെങ്കിലും മഴ പെയ്തിരുന്നെങ്കിൽ എന്നായിരുന്നു ഇന്ത്യൻ ആരാധകരുടെ പ്രാർഥന. രണ്ടാം ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ബാറ്റർമാർ മഴയെക്കാൾ വേഗത്തിലായിരുന്നു പവലിയനിലേക്ക് മടങ്ങിയത്. മത്സരത്തിൽ ഇന്ത്യയെ 46 റൺസിന് എറിഞ്ഞിട്ട ന്യൂസിലൻഡ് മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിലാണ്.
ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ സന്ദർശകർക്ക് 134 റൺസ് ലീഡായി. ഇന്ത്യയുടെ ബാറ്റർമാർ തകർന്നടിഞ്ഞ പിച്ചിൽ ശ്രദ്ധയോടെയായിരുന്നു കിവീസിന്റെ ബാറ്റിങ്. ഓപ്പണർമാരായ ടോം ലാഥമും ഡെവോൺ കോൺവേയും ചേർന്ന് കിവീസിന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഓപ്പണിങ്ങിൽ 67 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 49 പന്തിൽ 15 റൺസെടുത്ത ലാഥമിനെ പുറത്താക്കി കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
73 പന്തിൽ 33 റൺസെടുത്ത വിൽ യങ്ങിനെ രവീന്ദ്ര ജഡേജ, കുൽദീപ് യാദവിന്റെ കൈകളിലെത്തിച്ചു. 105 പന്തിൽ 91 റൺസെടുത്ത ശേഷമാണ് ഡെവോൺ കോൺവേ പുറത്തായത്. അശ്വിനാണ് വിക്കറ്റ്. 22 റൺസോടെ രചിൻ രവീന്ദ്രയും 14 റൺസുമായി ഡാരിൽ മിച്ചലുമാണ് ക്രീസിൽ.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് എല്ലാം പിഴക്കുന്ന കാഴ്ച്ചയാണ് ഒന്നാമിന്നിങ്‌സിൽ കണ്ടത്. മഴ മാറിനിന്ന അന്തരീക്ഷത്തിൽ പേസർമാരായ മാറ്റ് ഹെന്റിയും വില്യം ഒറുർക്കും കൊടുങ്കാറ്റായപ്പോൾ ഇന്ത്യൻ ബാറ്റിങ് നിര തകർന്നു.
ഒന്നാം ഇന്നിങ്‌സിൽ വെറും 46 റൺസിന് ഇന്ത്യൻ ടീം കൂടാരം കയറി. ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണിത്. നാട്ടിൽ നടന്ന ടെസ്റ്റുകളിലെ ഏറ്റവും ചെറിയ സ്‌കോറും. ഹെന്റി വെറും 15 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒറുർക്ക് 22 റൺസിന് നാലു വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് ടിം സൗത്തി സ്വന്തമാക്കി.20 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
പന്തിനെ കൂടാതെ 13 റൺസെടുത്ത യശസ്വി ജയ്‌സ്വാൾ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത്. ക്യാപ്റ്റൻ രോഹിത് ശർമ (2), വിരാട് കോലി (0), സർഫറാസ് ഖാൻ (0), കെ.എൽ രാഹുൽ (0), രവീന്ദ്ര ജഡേജ (0), ആർ. അശ്വിൻ (0) എന്നിവർക്കാർക്കും തന്നെ കിവീസ് ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
നാണക്കേടിൻറെ റെക്കോഡ് പട്ടികയിൽ കോഹ്‌ലി
ബംഗളൂരു: ന്യൂസിൻഡിനെതിരെയുള്ള മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡുമായി വിരാട് കോഹ്‌ലി. എട്ട് വർഷത്തിന് ശേഷം ടെസ്റ്റിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ കോഹ്‌ലി മത്സരത്തിന്റെ ഒൻപതാം ഓവറിലായിരുന്നു പുറത്തായത്. കോഹ്‌ലിയുടെ ഗ്ലൗസിലുരസിയ വില്ലിന്റെ ഡെലിവറി ലെഗ് ഗള്ളിയിൽ ഗ്ലെൻ ഫിലിപ്‌സ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ, ഒരു നാണക്കേടിന്റെ റെക്കോഡും വിരാട് കോഹ്‌ലിയുടെ പേരിലേക്ക് ചേർക്കപ്പെട്ടു.
രാജ്യാന്തര ക്രിക്കറ്റിൽ കോഹ്‌ലിയുടെ 38ാം ഡക്കായിരുന്നു ഇത്. ഇതോടെ, നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായിട്ടുള്ള താരങ്ങളിൽ കൂടുതൽ തവണ ഡക്കായ താരങ്ങളുടെ പട്ടികയിൽ ടിം സൗത്തിക്കൊപ്പം ഒന്നാം സ്ഥാനത്തേക്കാണ് കോഹ്‌ലിയുമെത്തിയത്. 33 തവണ ഡക്കായിട്ടുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് പട്ടികയിൽ ഇവർക്ക് പിന്നിൽ.
ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളി
ബംഗളൂരു: ന്യൂസിലൻഡിനെതിരേയുള്ള ഇന്ത്യൻ ബാറ്റർമാരുടെ കൂട്ടത്തകർച്ചയിൽ വിമർശനം. മഴ പെയ്ത് നനഞ്ഞ പിച്ചിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം പാളിയെന്നാണ് വിലയിരുത്തൽ. ആദ്യ ദിവസത്തെ കനത്ത മഴയിൽ പിച്ച് മുഴുവൻ മൂടിയിട്ടിരിക്കുകയും ചെയ്തതായിരുന്നു. രണ്ടാം ദിനം മഴമാറിനിന്ന അന്തരീക്ഷത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ ആരാധകർ ഞെട്ടിയിരുന്നു.പിച്ചിലെ ഈർപ്പവും മൂടിക്കെട്ടിയ രാവിലത്തെ അന്തരീക്ഷവും പേസർമാരെ അകമഴിഞ്ഞ് സഹായിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.