നിലവിലെ ചാംപ്യന്മാരായ ആസ്‌ത്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ദുബൈയില്‍ നടന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ എട്ട് വിക്കറ്റിനാണ് പ്രോട്ടീസ് ഓസീസ് വനിതകളെ പരാജയപ്പെടുത്തിയത്.
അവസാനം നടന്ന മൂന്ന് ലോകകപ്പുകളിലും ആസ്‌ത്രേലിയയാണ് ചാംപ്യന്മാരായിരുന്നത്. 2023ലെ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയായിരുന്നു ഓസീസ് ഹാട്രിക് കിരീടം നേടിയത്. ആ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ദക്ഷിണാഫ്രിക്കയുടെ വിജയം.
2009നുശേഷം നടന്ന ഏഴ് വനിതാ ടി20 ലോകകപ്പുകളില്‍ ആറിലും ഓസീസ് കിരീടം ചൂടിയപ്പോള്‍ ഒരു തവണ മാത്രമാണ് ഫൈനലില്‍ തോറ്റത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ 17.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയാണ് ദക്ഷിണാഫ്രിക്ക ചരിത്രനേട്ടം സ്വന്തമാക്കിയത്. 48 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന അന്നേകെ ബോഷ് ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് 37 പന്തില്‍ 42 റണ്‍സെടുത്തു. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലന്‍ഡിനെ നേരിടും. 20നാണ് ഫൈനല്‍.