2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ ഇല്ലെയോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു കൃത്യത വന്നിട്ടില്ലെങ്കിലും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടത്താനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ നീക്കികൊണ്ടിരിക്കുകയാണ്. 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനായി 65 മില്യണ്‍ ഡോളറിന്റെ(544 കോടി ഇന്ത്യന്‍ രൂപ) ബഡ്ജറ്റിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സുരക്ഷാ ആശങ്കകള്‍ മൂലം ഇന്ത്യ പാക്കിസ്ഥാനിലേക്കുള്ള യാത്ര നിഷേധിച്ചിരിക്കുകയാണ്,എന്നാല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നുണ്ടെങ്കില്‍ തന്നെ അത് പാകിസ്ഥാന്‍ വേദികളില്‍ ആയിരിക്കില്ല എന്നതിനാല്‍ തന്നെ പ്രത്യേക സ്ഥലം ക്രമീകരിക്കാനുള്ള ചിലവുകളും ഈ 544 കോടി ബജറ്റില്‍ ഉള്‍പ്പെടുന്നുണ്ട്.
കൊളംബോയില്‍ നടന്ന കഴിഞ്ഞ എജിഎം യോഗത്തില്‍,പാകിസ്ഥാനല്ലാത്ത മറ്റു വേദികളുടെ കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാനുമായി ഐസിസി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും അത് കണക്കിലെടുത്ത് ബജറ്റിന് അന്തിമരൂപം നല്‍കിയതെന്നും ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥിരീകരിച്ചു. റാവല്‍പിണ്ടി, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി പാകിസ്ഥാന് വലിയ തുക ഈ ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ട്, കൂടാതെ പാകിസ്ഥാന് പുറത്ത് ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങള്‍ക്കും ഇതേ ബഡ്ജറ്റ് ഉപയോഗിക്കുമെന്നും സൂചിപ്പിച്ചു.
‘പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മത്സരങ്ങള്‍ നടത്താനുള്ള ഹോസ്റ്റ് ഉടമ്പടിയില്‍ ഒപ്പുവച്ചു, കൂടാതെ എഫ് & സിഎ അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന ഒരു ഇവന്റ് ബഡ്ജറ്റ് തയ്യാറാക്കാന്‍ മാനേജ്‌മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്ഥാന് പുറത്ത് ചില മത്സരങ്ങള്‍ കളിക്കണമെങ്കില്‍ ഇവന്റ് നടത്തുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കുന്നതിനുള്ള എസ്റ്റിമേറ്റും മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ടെന്ന്,’ സിഇസിയുടെ വാര്‍ത്ത കുറിപ്പിലൂടെ പറഞ്ഞു.
ക്രിക്ക്ബസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് ആവശ്യമായ കാര്യങ്ങള്‍ക്കുമായി 35 മില്യണ്‍ ഡോളറും മത്സര പങ്കാളിത്തത്തിനും ,സമ്മാനത്തുകയ്ക്കുമായി 20 മില്യണ്‍ ഡോളറും ബാക്കി 10 മില്യണ്‍ പ്രോഡക്ഷനുമായി അനുവദിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ കരട് ഷെഡ്യൂളും ഐസിസി രൂപകല്പന ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ആദ്യ ദിനം പാകിസ്ഥാന്‍ ന്യൂസിലന്‍ഡുമായി കളിക്കും, ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യ മത്സരം കളിക്കും. മത്സരത്തിന്റെ ഫൈനല്‍ മാര്‍ച്ച് 9 ന് നടക്കും.