മൂന്ന് വർഷമായി ഗോകുലം കേരളയുടെ പ്രതിരോധത്തിലെ പ്രധാനിയായിരുന്ന കാമറൂൺ താരം അമിനോ ബൗബോ ക്ലബ് വിട്ടു. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി അറിയിച്ചു. 2021ലായിരുന്നു ഗിനിയൻ ക്ലബായ ഹൊറോയ വിട്ട് ബൗബ ഗോകുലം കേരളയിലെത്തിയത്. ഗോകുലത്തിനായി 51 മത്സരത്തിൽ കളിച്ച ബൗബ മൂന്ന് ഗോളുകളും മലബാറിയൻസിന് വേണ്ടി നേടിയിട്ടുണ്ട്.
2021 ആഗസ്റ്റ് 26നായിരുന്നു ബൗബ ഗോകുലത്തിലെത്തിയത്. 2021ൽ നടന്ന ഡ്യൂറണ്ട് കപ്പിലായിരുന്നു ബൗബ ഗോകുലം കേരളക്കായി അരങ്ങേറിയത്. 2021ൽ കാമറൂൺ ക്ലബായ കോട്ടൻ ക്ലബിന് വേണ്ടിയായിരുന്നു ബൗബയുടെ പ്രഫണൽ ജീവിതത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ഏഴ് ക്ലബുകൾക്ക് വേണ്ടിയും കാമറൂൻ ദേശീയ ടീമിന് വേണ്ടിയും ബൗബ ബൂട്ടുകെട്ടി.
2013ലായിരുന്നു ബൗബ കാമറൂൻ ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങിയത്. 2021-22 സീസണിൽ ഗോകുലം കേരള ഐ ലീഗ് കിരീടം നേടിയപ്പോൾ ബൗബ മലബാറിയൻസിന്റെ പ്രതിരോധത്തിലെ പ്രധാനിയായിരുന്നു.
” നിങ്ങളുടെ കഠിനാധ്വാനവും ആവേശവും ഗോകുലത്തിന്റെ യാത്രയിൽ നിർണായകമായിരുന്നു. ക്ലബിനൊപ്പമുള്ള മൂന്ന് വർഷത്തെ യാത്രക്കും ഐ ലീഗ് വിജയത്തിനും നന്ദി അറിയിക്കുന്നു. നിങ്ങളുടെ കരിയറിലെ പുതിയ അധ്യായനത്തിന് എല്ലാവിധ ആശംസകളും നേരുന്നു” ഗോകുലം കേരള ഇൻസ്റ്റഗ്രാമിൽ കുറിച്ചു.