ടി 20 ലോകകപ്പിലെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ അവസാനത്തോടടുക്കുമ്പോൾ വമ്പൻമാർ പലരും നിരാശയിലാണ്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും മുൻ ചാമ്പ്യൻമാരായ പാകിസ്ഥാനും പുറത്താകലിന്റെ വക്കിലാണ്. ഇരു ടീമിനും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ വീതം ബാക്കിയുണ്ടെങ്കിലും ഇവർക്ക് ഇനി എത്രത്തോളം സാധ്യതയുണ്ടെന്നാണ് ആരാധകർ അന്വേഷിക്കുന്നത്.
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിന് സൂപ്പർ എട്ടിലേക്കുള്ള വഴി അതി കഠിനമാണ്. കാരണം, നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി ഗ്രൂപ്പ് ബിയിൽ നാലാമതാണ് അവരുടെ സ്ഥാനം. സ്കോട്ലാൻഡിനെതിരായ ആദ്യ മത്സരം മഴയെടുക്കുകയും ഓസീസിനെതിരായ രണ്ടാം മത്സരം പരാജയപ്പെടുകയും ചെയ്തതോടെയാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ തുലാസിലായത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി സ്കോട്ലാൻഡാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഓസീസ് രണ്ടാമതും നിൽക്കുന്നു. രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുള്ള നമീബിയ മൂന്നാം സ്ഥാനത്തുമുണ്ട്.
അതിനാൽ, ഇനിയുള്ള രണ്ട് മത്സരങ്ങളിലും മികച്ച റൺറേറ്റിൽ ജയിക്കുകയും സ്കോട്ലാൻഡ് ഓസ്ട്രേലിയയോട് പരാജയപ്പെടുകയും ചെയ്താൽ മാത്രമേ ഇംഗ്ലണ്ടിന് ഇനി സൂപ്പർ എട്ടിൽ പ്രവേശിക്കാനാവൂ. അല്ലെങ്കിൽ രണ്ട് മത്സരങ്ങളും മികച്ച റൺ നിരക്കിൽ ജയിക്കുകയും ഓസ്ട്രേലിയ നമീബിയയോടും സ്കോട്‌ലൻഡിനോടും പരാജയപ്പെടണം.
ശേഷിക്കുന്ന മത്സരങ്ങൾ നമീബിയയോടും ഒമാനോടും ആണെന്നതിനാൽ മികച്ച റൺറേറ്റിൽ ജയിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചേക്കാം. എന്നാൽ സ്കോട്ലാൻഡ്, ഓസ്ട്രേലിയ ടീമുകളുടെ മത്സരങ്ങൾ ഇംഗ്ളീഷുകാരെ എത്രത്തോളം തുണക്കുമെന്ന് കണ്ടറിയണം.
ഗ്രൂപ്പ് എയിലുള്ള പാകിസ്ഥാനും സൂപ്പർ എട്ടിലേക്കുള്ള വഴി കടുകട്ടിയാണ്. ആദ്യ മത്സരത്തിൽ അമേരിക്കയോട് സൂപ്പർ ഓവറിൽ തോൽവി വഴങ്ങിയ ബാബറും സംഘവും രണ്ടാം മത്സരത്തിൽ ഇന്ത്യയോടും കീഴടങ്ങി. ഇനി സൂപ്പർ എട്ടിൽ കടക്കണമെങ്കിൽ തങ്ങളുടെ അടുത്ത രണ്ട് മത്സരം വിജയിക്കുന്നതോടൊപ്പം അമേരിക്ക അടുത്ത രണ്ട് മത്സരങ്ങൾ പരാജയപ്പെടുക കൂടി വേണം.
ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യയും പാകിസ്ഥാനും അടുത്ത റൗണ്ടിലേക്ക് മുന്നേറും. കാനഡയും അയർലൻഡുമാണ് ശേഷിക്കുന്ന മത്സരങ്ങളിൽ പാകിസ്താന്റെ എതിരാളികൾ.