ഇംഗ്ലണ്ട് ഫൈനലിൽ
തുടർച്ചയായ രണ്ടാം തവണയും യൂറോകപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് ഇംഗ്ലണ്ട്. രണ്ടാം സെമി ഫൈനലിൽ നെതർലൻഡ്‌സിനെ 2-1്‌ന പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. രാത്രി 12.30ന് നടന്ന മത്സരത്തിൽ 2-1 എന്ന സ്‌കോറിനായിരുന്നു ഇംഗ്ലണ്ട് നെതർലൻഡ്‌സിനെ തോൽപിച്ചത്. തുല്യശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഡച്ച് പടയായിരുന്നു.
ഏഴാം മിനുട്ടിൽ സാവി സിമൺസിന്റെ ഗോളിൽ നെതർലൻഡ്‌സ് ലീഡ് നേടിയെങ്കിലും ലീഡ് നിലനിർത്താൻ അവർക്കായില്ല. ഗോൾ മടക്കാനായി ഇംഗ്ലണ്ട് പൊരുതിക്കളിച്ചുകൊണ്ടിരുന്നു. സമനിലക്കായി ഇംഗ്ലണ്ട് പൊരുതിക്കൊണ്ടിരിക്കുന്നതിനിടെ ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ഹാരി കെയിനിനെ ഫൗൾ ചെയ്തതിനായിരുന്നു ഇംഗ്ലണ്ടിന് പെനാൽറ്റി ലഭിച്ചത്.
കിക്കെടുത്ത ഹാരി കെയിനിന് പിഴച്ചില്ല. സ്‌കോർ 1-1. മത്സരം സമനിലയിലായതോടെ കുറച്ചു നേരത്തേക്ക് മത്സരം വിരസമായെങ്കിലും 75ാം മിനുട്ടിന് ശേഷം രണ്ട് ടീമുകളും പൊരുതിക്കളിച്ചുകൊണ്ടിരുന്നു. ഒടുവിൽ 90ാം മിനുട്ടിൽ പകരക്കാരനായി കളത്തിലെത്തിയ ഒലെ വാട്കിൻസിന്റെ ഗോളിൽ ഇംഗ്ലണ്ട് ലീഡ് നേടുകയായിരുന്നു. പിന്നീട് തിരിച്ചുവരാൻ നെതർലൻഡ്‌സിന് സമയം ലഭിച്ചില്ല.
ഫൈനൽ വിസിൽ മുഴങ്ങിയതോടെ തുടർച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ട് യൂറോകപ്പിന്റെ ഫൈനലിലേക്ക് മുന്നേറി. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് സ്‌പെയിനിനെ നേരിടും. നേരത്തെ ആദ്യ സെമി ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ചായിരുന്നു സ്‌പെയിൻ ഫൈനൽ ടിക്കറ്റുറപ്പിച്ചത്.