നോർത്ത് ഈസ്റ്റ് സെമിയിൽ
ഷില്ലോങ് ലജോങ്ങിന് മുന്നിൽ വീണ് ഈസ്റ്റ് ബംഗാൾ ഡ്യൂറണ്ട് കപ്പിൽ നിന്ന് പുറത്ത്. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനോട് 2-1 എന്ന സ്‌കോറിന് പരാജയപ്പെട്ടായിരുന്നു ഈസ്റ്റ് ബംഗാൾ പുറത്തായത്. ശക്തമായ നിരുയുമായി കളത്തിലിറങ്ങിയ ഈസ്റ്റ് ബംഗാളിന് ലജോങ്ങിന്റെ മുൻപിൽ പിടിച്ചു നിൽക്കാനായില്ല. എട്ടാം മിനുട്ടിൽ മാർക്കോസിലൂടെ ലജോങ്ങായിരുന്നു മുന്നിലെത്തിയത്.
ഒരു ഗോൾ വഴങ്ങിയതോടെ ഈസ്റ്റ് ബംഗാൾ സമ്മർദത്തിലായി. ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ ഈസ്റ്റ് ബംഗാൽ ശക്തമായ ശ്രമങ്ങൾ നടത്തിയെങ്കിലും ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. രണ്ടാം പകുതിയിൽ 77ാം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ സമനില ഗോൾ നേടി. നന്ദകുമാറിന്റെ വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോൾ. എന്നാൽ പിന്നീട് ഇരു ടീമുകളും വിജയത്തിനായി ശക്തമായി പൊരുതിക്കൊണ്ടിരുന്നു.
ഒടുവിൽ 84ാം മിനുട്ടിൽ ലജോങ് ഗോൾ നേടി ലീഡ് നേടി. ഫിഗോയായിരുന്നു ലജോങ്ങിനായി ഗോൾ നേടിയത്. പിന്നീട് ഗോൾ മടക്കാനായി ഈസ്റ്റ് ബംഗാൾ നീക്കങ്ങൾ നടത്തിയെങ്കിലും ശ്രമങ്ങളെല്ലാം പാഴായി. ആദ്യം നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യൻ ആർമിയെ തോൽപിച്ച് സെമിയിലേക്ക് മുന്നേറി. നോർത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.
54ാം മിനുട്ടിൽ നെസ്റ്ററായിരുന്നു ആദ്യ ഗോൾ നേടിയത്. ഇന്ത്യൻ ആർമി സമനിലക്കായി പൊരുതിക്കൊണ്ടിരിക്കുന്നതിനിടെ 73ാം മുട്ടിൽ നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോളും ഇന്ത്യൻ ആർമിയുടെ വലയിൽ വീണു. ഇത്തവണ ഗ്വില്ലെർമോയായിരുന്നു സ്‌കോർ ചെയ്തത്. രണ്ട് ഗോൾ ലീഡ് നേടിയ നോർത്ത് ഈസ്റ്റ് ജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. പിന്നീട് ശക്തമായി പ്രതിരോധിച്ച നോർത്ത് ഈസ്റ്റ് ഇന്ത്യൻ ആർമിയുടെ വിജയമോഹത്തെ തല്ലിക്കെടുത്തി.
25ന് നടക്കുന്ന സെമി ഫൈനലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഷില്ലോങ് ലജോങ്ങും തമ്മിൽ കൊമ്പുകോർക്കും. നാളെയാണ് ടൂർണെന്റിലെ രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ നടക്കുക. വൈകിട്ട് നാലിന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ പഞ്ചാബ് എഫ്.സിയെ നേരിടുമ്പോൾ രാത്രി ഏഴിന് ബംഗളൂരു എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് മത്സരം.
ഡ്യുറന്റ് കപ്പ്; ക്വാർട്ടർ മത്സരം ഇന്ന് തുടങ്ങും
ഡ്യുറന്റ് കപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് നടക്കുക. വൈകിട്ട് നാലിന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഇന്ത്യൻ ആർമിയും തമ്മിലാണ് പോരിനിറങ്ങുന്നത്. ഡി ഗ്രൂപ്പിൽ നിന്ന് ചാംപ്യൻമാരായിട്ടായിരുന്നു ഇന്ത്യൻ ആർമി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച് ഒൻപത് പോയിന്റാണ് ഇന്ത്യൻ ആർമിയുടെ സമ്പാദ്യം.
ഇ ഗ്രൂപ്പിലെ ചാംപ്യൻമാരായിട്ടാണ് നോർത്ത് ഈസ്റ്റിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തിലെ ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെയാണ് നോർത്ത് ഈസ്റ്റും എത്തുന്നത്. അതിനാൽ ഇന്നത്തെ ആദ്യ ക്വാർട്ടർ ഇരു ടീമുകൾക്കും കടുത്തതാകും. രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങും ഈസ്റ്റ് ബംഗാളും കൊമ്പുകോർക്കും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരത്തിൽനിന്ന് ഏഴു പോയിന്റാണ് ഷില്ലോങ് ലജോങ് നേടിയത്.
മൂന്ന് മത്സരത്തിൽ രണ്ട് ജയവും ഒരു സമനിലയുമായിരുന്നു ലജോങ്ങിന്റെ സമ്പാദ്യം. 23ന് വൈകിട്ട് ഏഴിന് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന്റെയും സി.ഐ.എസ്.എഫിനെതിരേ എതിരില്ലാത്ത ഏഴു ഗോളിന്റെയും ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സിന് പഞ്ചാബിനെതിരേ സമനില വഴങ്ങേണ്ടി വന്നു. മുഹമ്മദൻസിനെ 3-2ന് തോൽപിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായ ബംഗളൂരു എഫ്.സി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്.