ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിമേളം. ഇന്നലെ രാത്രി മാത്രം 25 ഗോളുകളായിരുന്നു പ്രീമിയർ ലീഗിലെ വിവിധ മത്സരത്തിൽ പിറന്നത്. ആറു മത്സരത്തിൽനിന്നായിരുന്നു ഇന്നലെ 25 ഗോളുകൾ വലയിലായത്. എവേ മത്സരത്തിൽ ചെൽസിയുടേതായിരുന്നു വലിയ ഗോൾ വേട്ട. 5-1 എന്ന സ്‌കോറിന് സൗതാംപ്ടണെയായിരുന്നു ചെൽസി തോൽപ്പിച്ചത്. ഏഴാം മിനുട്ടിൽ അക്‌സൽ ഡിസാസിയുടെ ഗോളിൽ ചെൽസി മുന്നിലെത്തി.
എന്നാൽ 11ാം മിനുട്ടിൽ ജിയോ അരിബോയുടെ ഗോളിൽ സൗതാംപ്ടൺ സമനില പിടിച്ചു. എന്നാൽ അധികം വൈകാതെ ചെൽസി വിശ്വരൂപം പുറത്തെടുത്തു. പിന്നീട് നാലു ഗോളുകളായിരുന്നു ബ്ലൂസ് എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. ക്രിസ്റ്റഫർ ങ്കുങ്കു (17), നോനി മഡുവോകെ (34), കോലെ പാമർ (76), ജേഡൻ സാഞ്ചോ (87) എന്നിവരായിരുന്നു ചെൽസിക്കായി ഗോളുകൾ നേടിയത്.
55 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ചെൽസി 26 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. 14 മത്സരത്തിൽനിന്ന് 28 പോയിന്റുള്ള ചെൽസി പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ചു. തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷമാണ് സിറ്റി ഇന്നലെ ജയിച്ചു കയറിയത്.
ബെർണാഡോ സിൽവ (8), കെവിൻ ഡിബ്രൂയിൻ (31), ജെറമി ഡോകു (57) എന്നിവരായിരുന്നു സിറ്റിക്കായി ലക്ഷ്യം കണ്ടത്. 14 മത്സരത്തിൽനിന്ന് 26 പോയിന്റുള്ള സിറ്റി പട്ടികയിൽ നാലാം സ്ഥാനത്താണിപ്പോൾ. അതേസമയം ലിവർപൂൾ ന്യൂകാസിൽ മത്സരം 3-3 എന്ന സ്‌കോറിന് അവസാനിച്ചു. അലക്‌സാണ്ടർ ഇസാക് (35), ആന്റണി ഗൊർഡോൻ (62), ഫാബിയാൻ സ്‌കാർ (90) എന്നിവരായിരുന്നു ന്യൂകാസിലിനായി ലക്ഷ്യം കണ്ടത്.
കർട്ടിസ് ജോനസ് (50), മുഹമ്മദ് സലാഹ് (68,83) എന്നിവർ ലിവർപൂളിന് വേണ്ടിയും ലക്ഷ്യം കണ്ടു. 14 മത്സരത്തിൽനിന്ന് 35 പോയിന്റുള്ള ലിവർപൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. എവർട്ടൺ എതിരില്ലാത്ത നാലു ഗോളിന് വോൾവ്‌സിനെ തോൽപ്പിച്ചു. ആഷ്‌ലി യങ് (10), ഓറൽ മംഗാല (33) എന്നിവരായിരുന്നു എവർട്ടണ് വേണ്ടി ഗോൾ നേടിയത്. വോൾവ്‌സ് താരം ക്രൈഗ് ദേവ്‌സൺ രണ്ട് സെൽഫ് ഗോളും നേടിയതോടെയാണ് വോൾവ്‌സ് മികച്ച ജയം നേടിയത്.
3-1 എന്ന സ്‌കോറിന് ആസ്റ്റൺവില്ല ബ്രൻഡ്‌ഫോർഡിനെയും വീഴ്ത്തി. മോർഗൻ റോജേഴ്‌സ് (21), ഒല്ലെ വാട്കിൻസ് (28), മാറ്റി കാഷ് (34) എന്നിവരായിരുന്നു വില്ലക്കായി ഗോളുകൽ സ്‌കോർ ചെയ്തത്. 54ാം മിനുട്ടിൽ മിഖയേൽ ഡാംസ്ഗാർഡിന്റെ വകയായിരുന്നു ബ്രൻഡ്‌ഫോർഡിന്റെ ആശ്വാസ ഗോൾ. സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്‌സനൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തോൽപ്പിച്ചു.
ജുറിയൻ ടിമ്പർ (54), വില്യം സാലിബ (73) എന്നിവരായിരുന്നു ആഴ്‌സനലിന് വേണ്ടി ലക്ഷ്യം കണ്ടത്. 14 മത്സരത്തിൽനിന്ന് 28 പോയിന്റുള്ള ആഴ്‌സനൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ.