ഇന്ത്യ-ആസ്‌ത്രേലിയ രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ
മത്സരം രാവിലെ 9.30 മുതൽ
ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് അഡലെയ്ഡിൽ ഇറങ്ങുന്നു. ഡേ നൈറ്റ് മത്സരമായതിനാൽ പിങ്ക് ബോൾ ടെസ്റ്റിനാണ് ഇന്ന് അരങ്ങുണരുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 295 റൺസിന്റെ വലിയ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിലും ജയപ്രതീക്ഷയിൽ തന്നെയാണ്. മത്സരത്തിന് മുന്നോടിയായി പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി ഇന്ത്യ പരിശീലന മത്സരം കളിച്ചിരുന്നു.
ഈ മത്സരത്തിൽ ജയിച്ചു കയറിയ രോഹിത് ശർമയും സംഘവും രണ്ടാം ടെസ്റ്റും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണെങ്കിലും അഡലെയ്ഡിൽ പല പേടിപ്പെടുത്തുന്ന ഓർമകളും ഇന്ത്യക്കുണ്ട്. അതിനാൽ ബൗളിങ്ങ് ആയാലും ബാറ്റിങ് ആയാലും പഴുതടച്ചുള്ള നീക്കം നടത്തിയാൽ മാത്രമേ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകൂ. നാലു വർഷം മുൻപ് ഇതേ ഗ്രൗണ്ടിൽ പിങ്ക് ബോൾ ടെസ്റ്റിലായിരുന്നു ഇന്ത്യ നാണക്കേടിന്റെ റെക്കോഡുമായി മടങ്ങിയത്.
അന്ന് 36 റൺസിന് ഓൾ ഔട്ടായ ഇന്ത്യ തോൽവിയോടെയായിരുന്നു മടങ്ങിയത്. ആ തോൽവിക്ക് പകരം ചോദിക്കുകയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള യാത്രയിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. അതിനാൽ രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് അതിനിർണായകമാണ്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റിന് ഇല്ലാതിരുന്ന രോഹിത് ശർമയാകും ഇന്ന് ടീമിനെ നയിക്കുക.
പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ശുഭ്മാൻ ഗിൽ ഇന്ന് ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. സന്നാഹ മത്സരത്തിൽ ഗിൽ കളിച്ചത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്. അതേസമയം പരുക്കേറ്റ പേസർ ജോഷ് ഹെയ്‌സൽവുഡ് ടീമിൽ നിന്ന് പുറത്താണ്. പകരം സ്‌കോട്ട് ബോലാർഡിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ നടുവേദന അനുഭവപ്പെട്ട മിച്ചൽ മാർഷ് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തും.
പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലാകും ടീം ഇറങ്ങുക. 2019 നവംബറിൽ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യ ആദ്യമായി പിങ്ക് ബോൾ ടെസ്റ്റ് കളിച്ചത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 46റ റൺസിനും ഇന്നിങ്‌സിനുമായി ഇന്ത്യയുടെ ജയം.
പിങ്ക് ബോൾ ടെസ്റ്റ്
പകൽ സമയത്ത് കളിക്കുന്ന പരമ്പരാഗത ടെസ്റ്റ് മത്സരങ്ങളിൽ ചുവന്ന പന്തുകളാണ് ഉപയോഗിക്കുന്നത്.
ഏകദിന, ടി20 മത്സരങ്ങളിൽ വെളുത്ത പന്തുകളും ഉപയോഗിക്കുന്നു. എന്നാൽ, പിങ്ക് ബോളുകൾ ഡേനൈറ്റ് ടെസ്റ്റ് മത്സരങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നതാണ് ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പിങ്ക ബോളുകൾ.
ചുവന്ന പന്തിൽ നിന്ന് വ്യത്യസ്തമായി അതിന്റെ നിറം ഫ്‌ലഡ് ലൈറ്റിന് കീഴിൽ എളുപ്പത്തിൽ ദൃശ്യമാകും.
പിങ്ക് പന്തുകൾ കറുത്ത നൂല് കൊണ്ടാണ് തുന്നിയിരിക്കുന്നത്. ചുവന്ന പന്തുകൾ വെളുത്ത നൂലുകൊണ്ടും. പിങ്ക് പന്തുകൾക്ക് ഒരു അധിക പാളി കൂടിയുണ്ട്. ഇതാണ് ഇത്തരം പന്തുകളുടെ തിളക്കം ഏറെസമയം നീണ്ടുനിൽക്കുന്നത്.
നിർമാണത്തിലെ ഈ സവിശേഷത പന്തുകൾ വേഗം പഴകുന്നതിൽ നിന്നും സംരക്ഷിക്കും. ഇതുകൊണ്ട് തന്നെ റെഡ് ബോളുകളെക്കാൾ പിങ്ക് ബോളുകളിൽ സ്വിങ് ലഭിക്കും, പ്രത്യേകിച്ച് ആദ്യ ഓവറുകളിൽ. അതിനാൽ പിങ്ക് ബോൾ ടെസ്റ്റുകളിലെ ആദ്യ ഓവറുകൾ അതിജീവിക്കുക ഏറെ ബുദ്ധിമുട്ടാണ്.
ഹെഡ് ടു ഹെഡ് പോരാട്ടം
ഇന്ത്യയും ആസ്‌ത്രേലിയയും ഇതുവരെ 108 ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ഓസീസ് 45 മത്സരം ജയിച്ചപ്പോൾ വമ്പൻമാരായ ഇന്ത്യ 33 മത്സരത്തിലും ജയിച്ചു കയറി. ഒരു മത്സരം സമനിലയിലും അവസാനിച്ചു.
സാധ്യത ടീം
ഇന്ത്യ
യശസ്വി ജെയ്‌സ്വാൾ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, രോഹിത് ശർമ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.
ആസ്‌ത്രേലിയൻ സാധ്യത ഇലവൻ
നഥാൻ മക്‌സ്വീനി, ഉസ്മാൻ ഖവാജ, അലക്‌സ് ക്യാരി, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, സ്‌കോട്ട് ബെലാർഡ്.