പാരിസിലെ പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസ് ഇന്ന് ക്ലാസിക് പോരാട്ടത്തിന് വേദിയാവുകയാണ്. ക്ലബ് ഫുട്‌ബോളിലെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ഫ്രാൻസിലെ കരുത്തൻമാരായി പി.എസ്.ജിയും തമ്മിലാണ് കൊമ്പുകോർക്കുന്നത്. സീസണിൽ മോശം ഫോമിലൂടെ കടന്ന് പോകുന്ന സിറ്റിക്ക് ജയം അനിവാര്യമാണ്. ചാംപ്യൻസ് ലീഗിലെ തോൽവികൾ കാരണം
ആറു മത്സരത്തിൽ നിന്ന് എട്ട് പോയിന്റ് മാത്രമാണ് പെപ്പിനും സംഘത്തിനും ഇതുവരെ നേടാനായത്. ആറു മത്സരത്തിൽ രണ്ട് വീതം ജയം, തോൽവി, സമനില എന്നിവയാണ് സിറ്റിയുടെ സമ്പാദ്യം. ആറു മത്സരത്തിൽനിന്ന് ഏഴു പോയിന്റുള്ള പി.എസ്.ജി പട്ടികയിൽ 25ാം സ്ഥാനത്താണ്. ആറു മത്സരത്തിൽ രണ്ട് എണ്ണത്തിൽ മാത്രം ജയിച്ച പി.എസ്.ജി മൂന്ന് മത്സരത്തിൽ തോൽക്കുകയും ചെയ്തിട്ടുണ്ട്.
രാത്രി 1.30നാണ് മത്സരം. സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന പോരാട്ടത്തിൽ റയൽ മാഡ്രിഡ് ജർമൻ ക്ലബായ ആർ.ബി സാൽസ്ബർഗിനെയും നേരിടും. ആറു മത്സരത്തിൽനിന്ന് ഒൻപത് പോയിന്റ് മാത്രമുള്ള റയൽ മാഡ്രിഡ് പട്ടികയിൽ നേട്ടമുണ്ടാക്കാൻ ഉദ്ദേശിച്ചാണ് ഇന്ന് സ്വന്തം തട്ടകത്തിൽ ബൂട്ടുകെട്ടുന്നത്. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ ആഴ്‌സനൽ ഡൈനാമോ സഗ്രബിനെ നേരിടും.
സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ആഴ്‌സനൽ ചാംപ്യൻസ്‌ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ആറു മത്സരം കളിച്ച ഗണ്ണേഴ്‌സ് നാലു മത്സരം ജയിച്ചപ്പോൾ ഒരു മത്സരം തോൽക്കുകയും ഒരു മത്സരത്തിൽ സമനിലയിൽ കുരുങ്ങുകയും ചെയ്ത് 13 പോയിന്റുമായാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. രാത്രി 1.30ന് എമിറേറ്റസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ എ.സി മിലാൻ ജിറോണയെ നേരിടും.