ചാംപ്യൻസ് ലീഗിൽ ജയം തുടരാൻ ബാഴ്‌സലോണ. ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരത്തിൽ ജർമൻ കരുത്തൻമാരായ ബൊറൂസിയ ഡോർട്മുണ്ടിനെയാണ് ബാഴ്‌സ നേരിടുന്നത്. ലീഗിൽ അവസാനമായി ബ്രസ്റ്റിനെ നേരിട്ടപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു കാറ്റാലൻമാരുടെ ജയം. എന്നാൽ ലാലിഗയിൽ പിന്നീട് ഒരു തോൽവിയും ഒരു സമനിലയും നേരിട്ട ബാഴ്‌സ ഇന്ന് ഫോം വീണ്ടെടുത്താൽ മാത്രമേ ഡോർട്മുണ്ടിനെ വീഴ്ത്താൻ കഴിയൂ.
എവേ മത്സരത്തിലാണ് ബാഴ്‌സ ഡോർട്മുണ്ടിനെ നേരിടുന്നത് എന്നിതിനാൽ ഇന്നത്തെ മത്സരം അൽപം കടുത്തതാകും. അഞ്ചു മത്സരം കളിച്ച ബാഴ്‌സലോണ ഒരു മത്സരം തോൽക്കുകയും നാലു മത്സരം ജയിക്കുകയും ചെയ്ത് 12 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഇത്രയും മത്സരത്തിൽ ഇതേ പോയിന്റുള്ള ഡോർട്മുണ്ട്് നാലാം സ്ഥാനത്തുണ്ട്.
ഇതേസമയത്ത് ഇറ്റലിയിൽ നടക്കുന്ന മത്സരത്തിൽ പ്രീമിയർ ലീഗ് കരുത്തൻമാരായ മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും കൊമ്പുകോർക്കും. അടുത്തിടെ ഫോം നഷ്ടപ്പെട്ട് തോൽവിയും സമനിലയുമായി കഴിയുന്ന സിറ്റിക്ക് ഇന്നത്തെ മത്സരത്തിൽ യുവന്റസിനെ അതിജീവിക്കണമെങ്കിൽ ജയത്തിൽ കുറഞ്ഞതൊന്നും ആവശ്യമില്ല. തുടർ തോൽവികൾ കാരണം പഴി കേൾക്കുന്ന പെപ്പിനും കൂട്ടർക്കും തിരിച്ചുവരണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ജയിച്ചേ തീരു എന്ന അവസ്ഥയാണ്.
അഞ്ച് മത്സരത്തിൽനിന്ന് എട്ട് പോയിന്റുള്ള സിറ്റി പട്ടികയിൽ 17ാം സ്ഥാനത്താണ്. രണ്ട് ജയം, രണ്ട് മസനില, ഒരു തോൽവി എന്നിങ്ങനെയാണ് സിറ്റിയുടെ ചാംപ്യൻസ് ലീഗിലെ നേട്ടം. ഇത്രയും മത്സരത്തിൽനിന്ന് ഇതേ പോയിന്റുള്ള യുവന്റസ് 19ാം സ്ഥാനത്തുമാണുള്ളത്. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ പ്രീമിയർ കരുത്തൻമാരായ ആഴ്‌സനൽ മൊണോക്കോയെ നേരിടും.
അഞ്ച് മത്സരത്തിൽ മൂന്ന് ജയം, ഒരു സമനില, ഒരു തോൽവി എന്നിങ്ങനെയാണ് ആഴ്‌സനൽ ഇതുവരെ നേടിയത്. 10 പോയിന്റുള്ള ഗണ്ണേഴ്‌സ് പട്ടികയിൽ ഏഴാം സ്ഥാനത്താണുള്ളത്. ഇത്രയും മത്സരത്തിൽനിന്ന് ഇത്രയും പോയിന്റുള്ള മൊണോക്കോ തൊട്ടു താഴെ എട്ടാം സ്ഥാനത്തുമുണ്ട്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ശക്തമായൊരു പോരാട്ടം പ്രതീക്ഷിക്കാം.
രാത്രി 11.15ന് നടക്കുന്ന മത്സരത്തിൽ ലാലിഗ കരുത്തൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡ് സ്ലാവൻ ബ്രാറ്റിസ്ലാവയെ നേരിടും. ലാലിഗിയിൽ മികച്ച ഫോമിൽ കളിക്കുന്ന സിമയോണിയും സംഘവും ഇന്ന് ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് എത്തുന്നത്. ഇറ്റാലിയൻ കരുത്തൻമാരായ എ.സി മിലാൻ ക്രവന സസ്ദയെ നേരിടും. അഞ്ചു മത്സരത്തിൽനിന്ന് ഒൻപത് പോയിന്റാണ് മിലാന്റെ സമ്പാദ്യം. അഞ്ചു മത്സരത്തിൽനിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള ക്രവന പട്ടികയിൽ 31ാം സ്ഥാനത്താണ്.