ചാംപ്യൻസ് ലീഗിൽ ജയം തേടി ബാഴ്സലോണയും ലിവർപൂളും ഇന്ന് കളത്തിലിറങ്ങുന്നു. എവേ മത്സരത്തിൽ പോർച്ചുഗീസ് ഫുട്ബോൾ ക്ലബായ ബെൻഫിക്കെയയാണ് ബാഴ്സ നേരിടുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ ആറു മത്സരത്തിൽനിന്ന് 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സലോണയുടെ സ്ഥാനം. ലാലിഗയിൽ മോശം ഫോമിലൂടെ കടന്ന് പോകുന്ന ബാഴ്സ ഇന്ന് ജയിക്കാനുറച്ചാകും എത്തുന്നത്.
ചാംപ്യൻസ് ലീഗിൽ അവസാനമായി നടന്ന മത്സരത്തിൽ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനെ ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു. ഹോം മത്സരത്തിൽ ഫ്രഞ്ച് ക്ലബായ ലില്ലെയെയാണ് ലിവർപൂൾ നേരിടുന്നത്. ചാംപ്യൻസ് ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ലിവർപൂൾ. അതിനാൽ ഇനിയും ജയംതുടർന്ന് ഒന്നാം സ്ഥാനത്ത് തുടരുക എന്ന ലക്ഷ്യത്തോടെയാണ് ലിവർപൂൾ എത്തുന്നത്.
ആറു മത്സരം കളിച്ച ലിവർപൂൾ ആറിലും ജയിച്ച് 18 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്. രാത്രി 1.30നാണ് മത്സരം. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡും ജർമൻ കരുത്തൻമാരായ ബയർ ലെവർകൂസനും കൊമ്പുകോർക്കും. ഇറ്റാലിയൻ കരുത്തൻമാരായ യുവന്റസിന് ബെൽജിയം ക്ലബായ ക്ലബ് ബ്രൂഷെയാണ് എതിരാളികൾ.
രാത്രി 11.15ന് നടക്കുന്ന മത്സരത്തിൽ മൊണോക്കോയും ആസ്റ്റൺ വില്ലയും മത്സരത്തിനിറങ്ങുമ്പോൾ ഇതേസമയ്ത്ത നടക്കുന്ന മറ്റൊരു മത്സരത്തിൽ അറ്റ്ലാന്റയും എസ്.കെ സ്റ്റംസുമാണ് കളത്തിലിറങ്ങുന്നത്.