പുതിയ സീസണ് ഒരുങ്ങുന്നതിന് മുന്നോടിയായി വിവിധ ക്ലബുകൾ സൗഹൃദ മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാസം പകുതിയോടെയാണ് യൂറോപ്പിലെ ഏതാണ്ട് എല്ലാ ലീഗ് ഫുട്‌ബോളുകൾക്കും തുടക്കമാകുന്നത്. അതിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ വിവിധ ടീമുകളുമായി സൗഹൃദ മത്സരം കളിക്കുന്ന തിരക്കിലാണ് ക്ലബുകൾ ഇപ്പോൾ. ലാലിഗ സീസണ് മുന്നോടിയായി ഇന്ന് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപിച്ചിരിക്കുകയാണ് ബാഴ്‌സലോണ.
2-1 എന്ന സ്‌കോറിനായിരുന്നു കാറ്റാലൻമാരുടെ ജയം. ടെർ സ്റ്റിഗൻ, ബാൾഡെ, പവ് വിക്ടർ, ക്രിസ്റ്റിയൻസൺ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയായിരുന്നു ബാഴ്‌സലോണ ടീമിനെ കളത്തിലിറക്കിയത്. ഗോൾ കീപ്പറായി കുർട്ടോയിസ്, ലൂക്കാസ് വാസ്‌കസ്, എഡർ മിലിഷ്യാവോ, റൂഡിഗർ, മാരിയോ മാർട്ടിൻ, കബല്ലോസ്, ആർദ ഗുലർ, എൻട്രിക് എന്നിവർ ലൂക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തിൽ റയലിനായി ആദ്യ ഇലവനിൽ കളത്തിലിറങ്ങി.
42ാം മിനുട്ടിൽ ബാഴ്‌സലോണ താരം പവ് വിക്ടറിന്റെ വകയായിരുന്നു എൽ ക്ലാസികോയിലെ ആദ്യ ഗോൾ. ആദ്യ പകുതിയിൽ ബാഴ്‌സലോണ ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 54ാം മിനുട്ടിൽ പവ് വിക്ടറിന്റെ രണ്ടാം ഗോളും വന്നതോടെ ബാഴ്‌സ രണ്ട് ഗോളിന്റെ വ്യക്തമായ ലീഡ് നേടി.
ഗോൾ മടക്കാൻ റയൽ മാഡ്രിഡ് ശക്തമായ നീക്കങ്ങളുമായി കളംവാണു കളിച്ചു. രണ്ടാം പകുതിക്ക് ശേഷം കളത്തിലെത്തിയ വിനീഷ്യസ് ജൂനിയർ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഒടുവിൽ 82ാം മിനുട്ടിൽ നിക്കോ പാസ് റയൽ മാഡ്രിഡിനായി ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമം നടത്തി. മത്സരം സമനിലയിലാക്കാൻ റയൽ മാഡ്രിഡ് പരമാവധി ശ്രമിച്ചുവെങ്കിലും ബാഴ്‌സ പ്രതിരോധം ശക്തമായി നിന്നതോടെ റയലിന്റെ സമനില മോഹങ്ങൾ പൊലിയുകയായിരുന്നു.
ബുധനാഴ്ച എ.സിമിലാനെതിരേയാണ് ബാഴ്‌സലോണയുടെ അടുത്ത സൗഹൃദ മത്സരം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ എ.സി മിലാനെതിരേ റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. ബുധനാഴ്ച ചെൽസിക്കെതിരേയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം.